Sunday, September 20, 2026

പകുതിവില തട്ടിപ്പിൽ അതിവേഗ നടപടികളുമായി ഇ ഡി; ആനന്ദകുമാറിനെ വരിഞ്ഞു മുറുക്കി; ഷീബാ സുരേഷിന് പണമിടപാടുകളിൽ മുഖ്യപങ്ക്; ലാലി വിൻസെന്റിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും ഇഴഞ്ഞു നീങ്ങുമ്പോൾ പ്രതികളെ കുടുക്കാൻ അതിവേഗ നടപടികളുമായി ഇ ഡി. കോൺഗ്രസ് നേതാവും കുമിളി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷീബാ സുരേഷിന്റെ വീട് സീൽ ചെയ്‌തു. വിവാദ പണമിടപാടുകളിൽ എൻ ജി ഒ കോൺഫെഡറേഷൻ ബോർഡ് അംഗം എന്ന നിലയിൽ ഷീബയ്ക്ക് മുഖ്യ പങ്കെന്നാണ് ഇ ഡി വിലയിരുത്തൽ. ഷീബ ഇപ്പോൾ വിദേശത്താണ്. ഷീബ തങ്ങളുടെ കേസുകളിൽ പ്രതിയല്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഷീബയുടെ മുൻ‌കൂർ ജാമ്യം പരിഗണിക്കുന്ന സമയത്താണ് കോടതി സർക്കാരിന്റെ അഭിപ്രായം തേടിയത്.

മറ്റൊരു കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളാണ് ഇ ഡി മരവിപ്പിച്ചത്. ദൈനം ദിന ആവശ്യങ്ങൾക്കായി പുതിയ അക്കൗണ്ട് തുറക്കാൻ അനുമതി ആവശ്യപ്പെട്ട് ഇന്ന് ലാലി കോടതിയെ സമീപിച്ചിട്ടുമുണ്ട്. ലാലി വിൻസെന്റിന്റെയും സായിഗ്രാമം ഗ്ലോബൽ ഡയറക്ടർ കെ എൻ ആനന്ദ കുമാറിന്റെയും വീടുകളിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം ഇ ഡി റെയ്‌ഡ്‌ നടത്തിയിരുന്നു.

അതേസമയം ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്‌ത 200 കേസുകൾ കൂടി ക്രൈം ബ്രാഞ്ചിന് കൈമാറി. മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ പണമിടപാടുകൾ ഇ ഡി വിശദമായി പരിശോധിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുക. 1000 കോടിയുടെ തട്ടിപ്പ് സംസ്ഥാനമൊട്ടാകെ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ കണക്കൂട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്‌തു എന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് കേസിൽ ഇ ഡി യുടെ ഇടപെടൽ ഉണ്ടായത്.

Related Articles

Latest Articles