Tuesday, May 21, 2024
spot_img

ചെങ്ങന്നൂരില്‍ വീടുകളില്‍ അനധികൃത കശാപ്പുശാലകള്‍; മാലിന്യപ്രശ്നത്താല്‍ പൊറുതിമുട്ടി നാട്ടുകാര്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വീടുകളില്‍ അനധികൃത കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി. ചെറിയനാട് പഞ്ചായത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയിട്ടും മൂന്ന് വീടുകളിലാണ് ഇപ്പോഴും അറവുശാല പ്രവര്‍ത്തിക്കുന്നത്. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധത്തിലാണ് മാലിന്യപ്രശ്നത്താല്‍ പൊറുതിമുട്ടിയ നാട്ടുകാര്‍.

ചെറിയനാട് പതിനൊന്നാം വാര്‍ഡിലെ കൊല്ലകടവിലാണ് നിയമവിരുദ്ധമായി വീടുകളില്‍ കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മുഹമ്മദ് ഹനീഫ, ഷെരീഫ്, ഷാജു എന്നിവരുടെ പുരയിടത്തിലാണ് രാത്രിയുടെ മറവില്‍ കന്നുകാലികളെ വര്‍ഷങ്ങളായി കശാപ്പ് ചെയ്യുന്നത്.

ഇറച്ചി ചെങ്ങന്നൂരിലെ വിവിധ കേന്ദ്രങ്ങളിലുള്ള വില്‍പ്പനശാലയില്‍ വില്‍ക്കും. അറവുമാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ദുര്‍ഗന്ധം വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. മാലിന്യം ഒഴുക്കിവിട്ട് തോടുകളും മലിനമാക്കി. ഒപ്പം സാംക്രമിക രോഗങ്ങളും.

പഞ്ചായത്തിലും ഹെല്‍ത്ത് ഓഫീസിലും ആര്‍ഡിഒയ്ക്കും പൊലീസിലും വിവരം അറിയിച്ചെങ്കിലും അനധികൃത അറവിനെതിരെ നടപടിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഇരുപത്തിയഞ്ച് കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കാലവര്‍ഷം തുടങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ ദുസ്സഹമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കളക്ടര്‍ക്കും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനും പരാതി നല്‍കിയ ശേഷവും നടപടിയായില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും നടപടിയെടുക്കേണ്ടത് പൊലീസാണെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

Related Articles

Latest Articles