Wednesday, September 23, 2026

കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ഇമ്രാന്‍ഖാന്‍

ഇസ്ലാമബാദ് :കശ്മീര്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണമെന്നും പ്രമുഖ രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇനി വീണ്ടും സമീപിക്കാനാകില്ലെന്ന് പാക് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് പാക് വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇന്ത്യാ പാക് ബന്ധം സ്‌ഫോടനാത്മകമാണ്. ഈ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളൂ എന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയത്.

അതേസമയം കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം ആണ്. വിഷയം ആഭ്യന്തര കാര്യമാണ് ഇതില്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. കൂടാതെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം ഇരു രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്.

അതില്‍ മറ്റു രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കേണ്ടതില്ലെന്ന് ഇന്ത്യ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ പാക് മണ്ണില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിനുശേഷം മാത്രം ചര്‍ച്ച നടത്താമെന്നതാണ് ഇന്ത്യയുടെ നിലപാട്. അതിനിടയിലാണ് ഇമ്രാന്‍ ഖാന്‍ പ്രകോപനപരമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

Related Articles

Latest Articles