ലണ്ടൻ: അനവസരത്തിലുള്ള റഷ്യ സന്ദർശനത്തിൽ പണി ഇരന്നുവാങ്ങി ഇമ്രാൻ ഖാൻ(Imran Khan Russia Visit Controversy ). റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച ദിവസം തന്നെ റഷ്യ സന്ദർശിച്ച പാകിസ്ഥാനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. എന്നാലിപ്പോൾ റഷ്യയുമായി ബന്ധം ശക്തമാണെന്ന് കാണിക്കാൻ ഇമ്രാൻഖാൻ നടത്തിയ നീക്കം പാകിസ്ഥാന് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ ബ്രിട്ടൻ സന്ദർശിക്കാനുള്ള പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അപേക്ഷ ബ്രിട്ടൻ തള്ളിയത്. റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടി പ്രതിഷേധാർഹവും സംശയാ സ്പദവുമാണെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യൂസുഫ് മൊയീദാണ് ബ്രിട്ടനിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തേണ്ടിയിരുന്നത്.
യുക്രെയ്‌നെതിരെ റഷ്യയുടെ നീക്കം ശക്തമായ സമയത്താണ് ഇമ്രാൻഖാന്റെ സന്ദർശനം. പുടിനുമായി മുൻകൂട്ടി ചർച്ച ചെയ്യാതെ തീരുമാനിച്ച സൗഹൃദ സന്ദർശനത്തിൽ ആദ്യാവസാനം പൊരുത്തക്കേടുകളും അനിശ്ചിതത്വവും നിഴലിച്ചു.
വിമാനത്താവളത്തിൽ ഇമ്രാനെ സ്വീകരിക്കാൻ വിദേശകാര്യമന്ത്രി ഒറ്റയ്‌ക്ക് വന്നത് തന്നെ പാകിസ്ഥാനെ ഞെട്ടിച്ചു. തുടർന്ന് ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങേണ്ടി വന്ന ഇമ്രാൻ എത്തിയ അന്ന് പുലർച്ചെയാണ് റഷ്യ യുക്രെയ്ൻ ആക്രമിച്ചത്. റഷ്യയുടെ നീക്കം ആവേശമുണ്ടാക്കുന്ന എന്ന ഇമ്രാന്റെ പ്രസ്താവന വിവാദമായിരുന്നു. ഇമ്രാന്റെ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പാകിസ്ഥാന്റെ രാജ്യതാൽപ്പര്യം മുൻനിർത്തിയുള്ള ഒരു ചർച്ചയും നടന്നില്ലെന്നത് ലോകരാഷ്‌ട്രങ്ങൾ കൃത്യമായി നിരീക്ഷിച്ചു. ഒപ്പം ഒരു യുദ്ധസാഹചര്യത്തിൽ യാതൊരു ഔചിത്യവുമില്ലാത്ത ഇമ്രാന്റ നടപടിയെ അമേരിക്കയടക്കം അതീവ ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്.

