കലാപം കൊടുമ്പിരികൊണ്ടിരിക്കുന്ന ബംഗ്ലാദേശിൽ സിനിമാ നിർമ്മാതാവിനെയും മകനെയും ജനക്കൂട്ടം തല്ലിക്കൊന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗാളി സിനിമകളടക്കം നിർമ്മിച്ചിട്ടുള്ള സെലിം ഖാനെയും നടൻ കൂടിയായ മകൻ ഷാൻ്റോ ഖാനെയുമാണ് ചാന്ദ്പൂരിൽ ജനക്കൂട്ടം തല്ലിക്കൊന്നത്. ലക്ഷ്മിപൂർ മോഡൽ യൂണിയൻ പരിഷത്ത് ചെയർമാനാണ് സെലിം ഖാൻ.
ബംഗ്ലാദേശ് സ്ഥാപകനും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ൽ മുജീബുർ റഹ്മാൻ്റെ ജീവിതം ഇതിവൃത്തമാക്കിയ ബംഗബന്ധു എന്ന ചിത്രത്തിന്റെ നിർമ്മാതാണ് സെലിം ഖാൻ
ഷെയ്ഖ് ഹസീനയുടെ രാജി വാർത്ത പരന്നതോടെ സെലിം ഖാനും മകനും തങ്ങളുടെ ഗ്രാമം വിട്ട് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തടയാനെത്തിയ ആളുകളെ വെടിവച്ച് ഓടിച്ച ശേഷമായിരുന്നു ഇവർ രക്ഷപ്പെട്ടോടിയത്. എന്നാൽ ബഗരബസാർ പ്രദേശത്ത് എത്തിയപ്പോഴേക്കും ഇരുവരും ജനക്കൂട്ടത്തിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു. രണ്ട് പേരുടെയും മരണം ചാന്ദ്പൂർ സദർ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ഷെയ്ഖ് മൊഹ്‌സിൻ ആലം സ്ഥിരീകരിച്ചു.
സെലിം ഖാന്റെ മരണത്തിൽ അനുശോചിച്ച് ബംഗ്ലാദേശ് സിനിമാ മേഖലയിലെയും ബംഗാളി സിനിമയിലെയും പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്.

