Thursday, October 1, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് പ്രചരിപ്പിച്ചെന്ന കേസ് ! അഖിൽ മാരാറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് പ്രചരിപ്പിച്ചെന്ന കേസിൽ അഖിൽ മാരാറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ,ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 23ന് വീണ്ടും പരിഗണിക്കും.കൊല്ലം റൂറൽ സൈബർ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്.

തനിക്കുമേൽ അനധികൃതമായി ജാമ്യമില്ലാ കേസുകൾ ചുമത്തുമോ എന്ന ആശങ്കയുണ്ടെന്നും നിരപരാധിയായ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവർത്തകർ പ്രതികാരം തീർക്കാനായി കള്ളക്കേസിൽ കുടുക്കുകയാണെന്നും അഖിൽ മാരാർ മുൻ‌കൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

” അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരുകൾ കേൾക്കണം. അതിനായി പൊതുസമൂഹത്തിൽ നിന്നുയരുന്ന അഭിപ്രായങ്ങളെ ക്ഷമയോടെ കേൾക്കാൻ തയാറാകണം. അല്ലാതെ രാജാവിനെ പോലെ പെരുമാറുകയല്ല വേണ്ടത്. അഭിപ്രായങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന തരത്തിൽ ജനങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. തനിക്ക് ദുരിതാശ്വാസ നിധിയിലേക്ക് നയാപൈസ നൽകാൻ താല്‍പര്യമില്ല. ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനു പകരം വയനാട്ടിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് 4 വീടുകൾ നിർമിച്ചു നല്‍കുമെന്നുമാണ് പറഞ്ഞത്. തനിക്ക് ക്രിമിനൽ പശ്ചാത്തലങ്ങളില്ല. കുടുംബത്തിലെ വരുമാനമുള്ള ഏക ആൾ താനാണ്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണം.”- ഹര്‍ജിയിൽ അഖിൽ മാരാർ പറയുന്നു.

Related Articles

Latest Articles