ഇറാനില്‍ ഹിജാബിനെതിരെ തെരുവിലിറങ്ങി സ്ത്രീകള്‍. ഹിജാബ് അഴിച്ചുമാറ്റിയ സ്ത്രീകള്‍ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സംഭവം വിവാദങ്ങള്‍ക്കും വ്യാപക പ്രതികരണങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നത് ഇറാനില്‍ നിര്‍ബന്ധമാണ്. സ്ത്രീകളെ ഹിജാബ് ധരിക്കുന്നതിന് നിര്‍ബന്ധിതരാക്കാന്‍ സര്‍ക്കാര്‍ ജൂലൈ 12 ന് ഹിജാബ് വിശുദ്ധ ദിനമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിശുദ്ധ ദിനത്തില്‍ സ്ത്രീകള്‍ ഹിജാബ് നീക്കം ചെയ്ത് പ്രതിഷേധിച്ചു. സ്ത്രീകള്‍ക്ക് പിന്തുണയുമായി പുരുഷന്മാരും രംഗത്തെത്തി.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പരിമിതമാണ്. എല്ലാ സ്ത്രീകളും പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് പിഴ മുതല്‍ ജയില്‍ ശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഹിജാബ് ധരിക്കാത്തതിന് ഇറാനില്‍ സ്ത്രീകളും അറസ്റ്റിലാകുന്നുണ്ട്. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ബസുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ ചില നഗരങ്ങളിലെ മെഡിക്കല്‍ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഭരണകൂടത്തിന്റെ കര്‍ശന നിരീക്ഷണമുണ്ട്. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കും.
ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ എലന്‍ ഹൊഗാര്‍ത്ത് പറയുന്നതനുസരിച്ച്, സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളില്‍ ഇറാന്‍ മുന്‍പന്തിയിലാണ്. ഈ സെക്‌സിറ്റ് നിയമങ്ങളെ എതിര്‍ക്കുന്ന സ്ത്രീകള്‍ക്ക് അതിന്റെ അപകടസാധ്യതകള്‍ അറിയാം. ടെഹ്‌റാനിലെ സബ്വേ ട്രെയിനില്‍ പൂക്കള്‍ നല്‍കിയതിന് മൂന്ന് ഇറാനിയന്‍ പെണ്‍കുട്ടികള്‍ 30 വര്‍ഷം തടവ് അനുഭവിക്കുകയാണ്. ഇറാനിലെ എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഭാവിയില്‍ കിട്ടുമെന്ന് പ്രതീക്ഷപങ്കുവയ്ക്കുന്ന വീഡിയോകള്‍ തന്റെ കൈവശം ഉള്ളതായി ഹൊഗാര്‍ത്ത് പറഞ്ഞു. ഈ വീഡിയോകള്‍ വൈറലായതോടെ ഹിജാബ് ധരിക്കാത്തതിന് സ്ത്രീകള്‍ക്കെതിരെ വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് ഹൊഗാര്‍ത്ത് പറഞ്ഞു. ഇത്തരം പീഡനങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
‘ഇറാന്‍ സ്ത്രീകള്‍ തങ്ങളുടെ ഹിജാബ് നീക്കം ചെയ്തുകൊണ്ട് രാജ്യത്തെ തെരുവുകളില്‍ പ്രതിഷേധിക്കുകയാണ്. ഹിജാബ് വേണ്ടെന്ന് പറഞ്ഞ് ഇറാനിയന്‍ സര്‍ക്കാരിനെ ഞെട്ടിപ്പിച്ചിരിക്കുന്നു. ഇതിനെ സ്ത്രീ വിപ്ലവം എന്ന് വിളിക്കാം.’- ഇറാനിയന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകനും വനിതാ അവകാശ പ്രവര്‍ത്തകനുമായ ക്രിസ്റ്റ് അലിനെജാദ് ട്വീറ്റ് ചെയ്തു.

