Saturday, December 27, 2025

ജയിലിൽ വച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ചു; മാവേലിക്കരയിൽ മകളെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്റെ നില ഗുരുതരം

ആലപ്പുഴ: മാവേലിക്കരയിൽ നാലു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് പ്രതി ശ്രീമഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ഭാഗത്തും ആഴത്തിലുള്ള മുറിവാണുള്ളത്. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് മാവേലിക്കര സബ് ജയിലിൽ വച്ച് ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ഇന്നലെയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയെ 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരകുട്ടിയെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകടനില തരണം ചെയ്തിട്ടുണ്ട്.

Related Articles

Latest Articles