Thursday, May 16, 2024
spot_img

തലയ്ക്ക് വെളിവില്ലാത്ത സര്‍ക്കാരോ ഇത്; പ്രളയ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുണ്ടായ കവളപ്പാറ മേഖലയില്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത് 20 പാറമടകള്‍ക്ക്

തിരുവനന്തപുരം: മഹാപ്രളയവും ഉരുള്‍പൊട്ടലും വന്‍ നാശനഷ്ടം വരുത്തിവെച്ച കഴിഞ്ഞ വര്‍ഷം മാത്രം പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് 129 ക്വാറികള്‍ക്ക്. ഒരു വര്‍ഷം കൊണ്ട് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകള്‍ പൊട്ടിച്ചെടുത്തെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന 750 പാറമടകള്‍ക്ക് പുറമേ 5,100ലധികം അനധികൃത ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പൊട്ടിച്ചെടുക്കുന്ന കല്ലിന്‍റെ അളവ് എത്രയെന്ന കണക്കും സര്‍ക്കാരിന്‍റെ പക്കലില്ല.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന 750 ക്വാറികളില്‍ 83 എണ്ണം പ്രളയ-ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുണ്ടായ മലപ്പുറം ജില്ലയിലാണ്. നിലമ്പൂര്‍ താലൂക്കില്‍ മാത്രം 72 ക്വാറികള്‍. വന്‍ ദുരന്തമുണ്ടായ കവളപ്പാറ മേഖലയില്‍ മാത്രം പാറ പൊട്ടിക്കല്‍ നടക്കുന്നത് 20 ക്വാറികളിലാണ്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ഏപ്രില്‍ മാസം വരെ 62.81735 ലക്ഷം ടണ്‍ തുരന്നെടുത്തതായും കണക്കുണ്ട്. മണ്ണ് മാഫിയകള്‍ അനധികൃതമായി കടത്തുന്ന മണ്ണിന്‍റെ അളവ് ഇതിലേറെ വരും.
അനധികൃത കരിങ്കല്‍ ക്വാറികളില്‍ ഏറെയും സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂഗര്‍ഭജല നിരപ്പ് താഴല്‍ എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ ഭൂചലനത്തിനും ഇവ കാരണമാകുന്നു. സംസ്ഥാനത്ത് 1983നും 2015നും ഇടയില്‍ 115 ഭൂമികുലുക്കങ്ങളുണ്ടായി. ഈ ഭൂചലങ്ങളുണ്ടായ 78 ഇടത്തും പ്രഭവകേന്ദ്രത്തിന്‍റെ ഒരു കിലോമീറ്ററിനുള്ളില്‍ കരിങ്കല്‍ ക്വാറികളുണ്ടായിരുന്നു

ചട്ടം ലംഘിച്ച് ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് 2,133 പരാതികളാണ് ഒരു വര്‍ഷത്തിനിടെ മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന് ലഭിച്ചത്. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കരിങ്കല്‍, മണ്ണ്, മണല്‍ ഉള്‍പ്പെടെയുള്ള എല്ലാ ഖനനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഖനനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് മാത്രമാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴ കുറയുമ്പോള്‍ വീണ്ടും ഖനനാനുമതി നല്‍കാനാണ് ജിയോളജി വകുപ്പിന്‍റെ തീരുമാനം

Related Articles

Latest Articles