Wednesday, November 4, 2026

വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവം! ജനീഷ് കുമാർ എംഎൽഎക്കെതിരെ പോലീസിനും മുഖ്യമന്ത്രിക്കും പരാതി

പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ ബലംപ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.വനം വകുപ്പിലെ ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ എംഎൽഎക്ക് എതിരെ സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എംഎൽഎക്കെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എംഎൽഎ ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനയുടെ പരാതി. പാടം ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി പരാതി നൽകിയെങ്കിലും കൂടൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

നടുവത്തുമൂഴി റേഞ്ച് ഓഫീസർ, പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, സ്റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥർ എന്നിങ്ങനെ മൂന്നു പരാതികളാണ് കൂടൽ പോലീസിന് ഇന്നലെ രാത്രിയിൽ കിട്ടിയത്. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടുപോയി. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ഉദ്യോഗസ്ഥരുടെ പരാതിയിൽ പറയുന്നു. ആന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ പ്രതികൾക്കായുള്ള അന്വേഷണവും വനംവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സോളാർ വേലിയിലൂടെ അമിതതോതിൽ വൈദ്യുതി കടത്തിവിട്ട് കുളത്തുമൺ ഭാഗത്ത് മൃഗ വേട്ട നടന്നിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൈത കൃഷി ചെയ്യാൻ സ്ഥലം പാട്ടത്തിനെടുത്ത തൊടുപുഴ സ്വദേശികളാണ് മുഖ്യ പ്രതികൾ.

കഴിഞ്ഞ ശനിയാഴ്ച, കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍വരുന്ന കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഈ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സുഹൃത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്നാട് സ്വദേശിയായ വാസു എന്നയാളെയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. വനംവകുപ്പിന്റെ പാടം സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യാനായി എത്തിച്ചത്.

ഇതറിഞ്ഞാണ് എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിക്രമം പാലിച്ചില്ല എന്നാരോപിച്ചാണ് എംഎല്‍എയും സംഘവുമെത്തിയത്. എംഎല്‍എ ഉദ്യോഗസ്ഥര്‍ക്കുനേരെ തട്ടിക്കയറുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles