Tuesday, May 14, 2024
spot_img

സിപിഎമ്മിന്റെ ശനിദശ തുടരുന്നു!
ഇ.പി.ജയരാജന്റെ ഭാര്യയും മകനും പങ്കാളിത്തമുള്ള
കണ്ണൂർ വൈദേകം റിസോർട്ടിൽ ആദായനികുതി പരിശോധന നടത്തുന്നു

കണ്ണൂർ : ആഭ്യന്തര പ്രശ്നങ്ങളിൽ അടി ഉലയുന്ന സിപിഎമ്മിൽ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമാക്കിക്കൊണ്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് സംഘം പരിശോധന നടത്തുന്നു. കള്ളപ്പണ നിക്ഷേപം സ്ഥാപനത്തിൽ നടത്തുന്നു എന്നത് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയെ തുടർന്നാണ് പരിശോധന എന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചി ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്.

ഖാദി ബോർഡ് വൈസ് ചെയർമാനും കണ്ണൂരിലെ പ്രമുഖ നേതാവുമായ പി.ജയരാജൻ സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വിവാദമായത്. ഇതിൽ അതൃപ്തനായ ഇ.പി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ തുടർന്നും പങ്കെടുത്തേക്കില്ല. റിസോർട്ടിലെ പരിശോധന ഇ.പി.ജയരാജനും സിപിഎമ്മിനും കനത്ത തലവേദനയുണ്ടാക്കും എന്ന് വ്യക്തമാണ്.

ഇ.പി.ജയരാജന്റെ മകന്റെകൂടി പങ്കാളിത്തത്തിൽ നിർമ്മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തി റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ നടത്താതെയാണ് റിസോര്‍ട്ട് അനുമതി നല്‍കിയതെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ആരോപിച്ചിരുന്നു.

Related Articles

Latest Articles