കൊച്ചി: കൊച്ചിയിലെ സിനിമ വിതരണ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന. നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ്ഡ് അടക്കം 7 സ്ഥാപനങ്ങളിൽ ഒരേ സമയമാണ് പരിശോധന നടക്കുന്നത്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.
സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയാണ്. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്.
ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇഡിയുടെ ഇടപെടൽ.

