Thursday, November 26, 2026

ഇന്ത്യൻ രക്ഷാദൗത്യം: മലയാളികളുൾപ്പെടെയുള്ള ആദ്യ സംഘം വൈകിട്ട് മുംബൈയിൽ എത്തും; പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ സ്വീകരണം

ദില്ലി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ (Indians In Ukraine)തിരികെയെത്തിക്കാനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. അതേസമയം യുക്രെയ്‌നിൽ നിന്നും മലയാളികൾ ഉൾപ്പെട്ട ആദ്യസംഘം ഇന്ന് വൈകിട്ട് നാല് മണിയോടെ മുംബൈയിലെത്തുമെന്നാണ് വിവരം. റൊമേനിയയിൽ നിന്നുമാണ് സംഘം യാത്ര തിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ഈ സംഘത്തെ സ്വീകരിക്കും.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലാണ് ഇവരെ നാട്ടിലെത്തിക്കുക. മുംബൈയ്‌ക്ക് പുറമെ ദില്ലിയിലേയ്ക്കും വിമാനങ്ങൾ എത്തും. 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇതിൽ 17 പേർ മലയാളികളാണ്. വിദ്യാർത്ഥികൾ അടക്കമുള്ള പൗരന്മാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാദൗത്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ സുരക്ഷാകാര്യങ്ങൾക്കായുള്ള സമിതി യോഗം ചേരുന്നുണ്ട്.

അതേസമയം യുക്രെയിനിലുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയിരിക്കുകയാണ്. അധികൃതരുടെ നിർദേശം ലഭിക്കാതെ അതിർത്തികളിലേക്കു വരരുത്. ജാഗ്രത തുടര‍ണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണമെന്ന് പോളണ്ടിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്. രണ്ട് പോയിന്‍റിലൂടെ മാത്രമാണ് പ്രവേശനം. ഷെഹിന്-മെഡിക, കാര്‍ക്കോവിലൂടെയുമാണ് ഇന്ത്യക്കാര്‍ക്ക് പ്രവേശനം. രാത്രി എത്തുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Related Articles

Latest Articles