Tuesday, April 16, 2024
spot_img

കിവികളെ തുരത്തിയോടിച്ച് ഇന്ത്യ;
അവസാന ഏകദിനത്തിൽ 90 റൺസ് വിജയം; സമ്പൂർണ്ണ പരമ്പര

ഇൻഡോർ :മൂന്നാമത്തെയും അവസാനത്തെയുമായ ഏകദിനം വിജയിച്ച് ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി . മത്സരത്തില്‍ കിവീസിനെ 90 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവികൾ 41.2 ഓവറില്‍ 295 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെ മാത്രമാണ് കിവീസിനായി മികച്ച ചേര്ത്തു നിൽപ്പാണ് നടത്തിയത് .

വിജയലക്ഷ്യത്തിനായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകൾ നഷ്ടമായി. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഫിന്‍ അലനെ വിക്കറ്റാക്കി ഹാര്‍ദിക് പാണ്ഡ്യ ന്യൂസീലന്‍ഡിനെ ഞെട്ടിച്ചു. ഹാര്‍ദിക്കിന്റെ ബൗണ്‍സര്‍ അലന്റെ ബാറ്റില്‍ തട്ട വിക്കറ്റ് പിഴുതു. മൂന്നാമനായി ക്രീസിലെത്തിയ ഹെന്റി നിക്കോള്‍സിനെ കൂട്ടു പിടിച്ച് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ റൺസുയർത്തി.

എന്നാല്‍ 42 റണ്‍സെടുത്ത നിക്കോള്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചിട്ടും കോണ്‍വെയുടെ ആക്രമണ രീതി മാറിയില്ല.

വൈകാതെ താരം സെഞ്ചുറി നേടുകയും ചെയ്തു. 73 പന്തില്‍ നിന്നാണ് കോണ്‍വെ സെഞ്ചുറി തികച്ചത്. എന്നാല്‍ ഡാരില്‍ മിച്ചലിനെയും പിന്നാലെ വന്ന നായകന്‍ ടോം ലാഥത്തെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശാല്‍ദൂല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.

എന്നാല്‍ ഒരറ്റത്ത് കോണ്‍വെ പിടിച്ചുനിന്നത് ഇന്ത്യയുടെ വിജയസാധ്യതകള്‍ക്ക് തിരിച്ചടിയായി. 32-ാം ഓവറില്‍ അപകടകാരിയായ കോണ്‍വെയെ മടക്കി ഉമ്രാന്‍ മാലിക്ക് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. 100 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും എട്ട് സിക്‌സിന്റെയും സഹായത്തോടെ 138 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.

തുടർന്ന് മൈക്കിള്‍ ബ്രേസ്‌വെല്‍ 26 റണ്‍സെടുത്ത് പൊരുതിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. വാലറ്റത്ത് മിച്ചല്‍ സാന്റ്‌നര്‍ നടത്തിയ പോരാട്ടമാണ് ടീം സ്‌കോര്‍ 300 കടത്തിയത്. സാന്റ്‌നര്‍ 34 റണ്‍സെടുത്ത് പുറത്തായി ലോക്കി ഫെര്‍ഗൂസന്‍ (7), ജേക്കബ് ഡഫി (0) എന്നിവര്‍ അതിവേഗം കൂടാരം കയറിയതോടെ ഇന്ത്യ വിജയം നേടി.

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും ശാര്‍ദൂല്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമ്രാന്‍ മാലിക്കും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി വിജയത്തിൽ നിർണ്ണായക സംഭാവന നൽകി.

Related Articles

Latest Articles