Thursday, May 16, 2024
spot_img

വെടിയുതിര്‍ത്തത് ചൈനീസ് സൈന്യം. ഗുരുതരമായ പ്രകോപനമുണ്ടായിട്ടും ഇന്ത്യൻ സൈന്യം സംയമനം പാലിച്ചു

ദില്ലി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ പ്രകോപനമുണ്ടാക്കിയെന്ന ചൈനയുടെ ആരോപണം തള്ളി ഇന്ത്യൻ സൈന്യം. യഥാർഥ നിയന്ത്രണ രേഖ (എൽഎസി) ലംഘിച്ചിട്ടില്ലെന്നും വെടിവെപ്പ് ഉൾപ്പെടെ നടത്തിയിട്ടില്ലെന്നും ഇന്ത്യൻ കരസേന പ്രസ്താവനയിൽ അറിയിച്ചു.
ചൈനീസ് സൈന്യമാണ് വെടിയുതിർത്തതെന്നും സൈന്യം വ്യക്തമാക്കി.

സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ഇടപെടലുകൾ പുരോഗമിച്ചുകൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകൾ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തതെന്ന് കരസേന പ്രസ്താവനയിൽ പറഞ്ഞു.

യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് ചൈനീസ് സൈന്യമാണ്. ഇന്ത്യൻ സൈനികർ അത് തടയുകയായിരുന്നു. ചൈനീസ് സൈനികർ ഏതാനും റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്തുവെന്നും കരസേന കൂട്ടിച്ചേർത്തു.

ഗുരുതരമായ പ്രകോപനമുണ്ടായിട്ടും ഇന്ത്യൻ സൈന്യം സംയമനം പാലിക്കുകയും പക്വതയോടും ഉത്തരവാദിത്തത്തോടും പെരുമാറുകയും ചെയ്തു. ഒരു ഘട്ടത്തിലും ഇന്ത്യൻ സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കുകയോ വെടിവെപ്പ് ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. – കരസേന പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ ഇന്ത്യൻ സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ മറികടന്ന് കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം വെടിയുതിർത്തുവെന്നായിരുന്നു ചൈനയുടെ ആരോപണം. തങ്ങളുടെ സൈനികർ പ്രത്യാക്രമണം നടത്തിയെന്നുമാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

ചൈന-ഇന്ത്യ അതിർത്തിയിൽ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വെവെപ്പുണ്ടായതായി ആരോപണം ഉയരുന്നത്. നേരത്തെ ഗാൽവൻ സംഘർഷ വേളയിലും ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല.

Related Articles

Latest Articles