Friday, January 9, 2026

ഷിന്‍സെ ആബെയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഇന്ത്യ: മരണത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി മോദി; ഇന്ത്യയില്‍ നാളെ ദുഃഖാചരണം

ദില്ലി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഇന്ത്യ. അടുത്ത സുഹൃത്ത് ഷിന്‍സ ആബെയുടെ ദാരുണാന്ത്യത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അദ്ദേഹം മികച്ച നേതാവായിരുന്നു. നല്ല ഭരണകര്‍ത്താവും. ജപ്പാനെയും ലോകത്തെയും മെച്ചപ്പെടുത്തുന്നതിനു വേണ്ടി അദ്ദേഹം ജീവിതം തന്നെ ഉഴിഞ്ഞുവെച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ ജപ്പാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ആബെ നിസ്തുലമായ പങ്ക് വഹിച്ചു. ജപ്പാന്റെ ദുഃഖത്തില്‍ ഇന്ത്യക്കാരെല്ലാവരും പങ്കുകൊള്ളുന്നു. ഈ ദുരിത സമയത്ത് ജപ്പാനി​ലെ സഹോദരീ സഹോദരന്‍മാര്‍ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ഷിന്‍സെ ആബെയുടെ നിര്യാണത്തില്‍ ഇന്ത്യ നാളെ ദുഃഖം ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യക്ക് ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. ഇന്ത്യ -ജപ്പാന്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഏറെ പരിശ്രമിച്ചയാണ് ആബെയെന്നും രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.

തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നും ആബെയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. തായ്‌വാനും ജപ്പാനും നിയമവാഴ്ചയുള്ള ജനാധിപത്യ രാജ്യങ്ങളാണെന്നും അക്രമപരവും നിയമവിരുദ്ധവുമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും സായ് ഇങ് പറഞ്ഞു. തായ്‌വാന്റെ ഉറ്റസുഹൃത്ത് കൂടിയാണ് ആബെയെന്നും സായ് ഇങ് കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles