Saturday, May 18, 2024
spot_img

അഹമ്മദാബാദിൽ ഇന്ത്യൻ വീരഗാഥ ! പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്തെറിഞ്ഞ് ഭാരതത്തിന്റെ ചുണക്കുട്ടികൾ

അഹമ്മദാബാദ് : ഏകദിന ലോകകപ്പിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഭാരതം. 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. പാകിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറിൽ 3 വിക്കറ്റു നഷ്ടത്തിൽ മറികടന്നു. ഏകദിന ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ എട്ടാം ജയമാണിത്. 7 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം.

താരതമ്യേനെ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ 10 റൺസ് നേടിയപ്പോൾ തന്നെ ഇന്ത്യ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു.മൂന്നാം ഓവറിൽ 16 റൺസുമായി ഗിൽ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ വിരാട് കോഹ്ലി രോഹിത്തിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 7-ാം ഓവറിൽ ടീം സ്കോർ 50 കടത്തി. രണ്ടാം വിക്കറ്റിൽ 56 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.

ഇതിനിടെ ഏകദിനത്തിൽ 300 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം രോഹിത് സ്വന്തം പേരിൽ കുറിച്ചു. സ്കോർ 79ൽ നിൽക്കേ ഹസൻ അലിയുടെ പന്തിൽ മുഹമ്മദ് നവാസ് പിടികൂടി വിരാട് കോഹ്ലി പുറത്തായി. 18 പന്തിൽ 16 റൺസാണ് കോലിയുടെ സംഭാവന.

തുടർന്ന് നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് 14–ാം ഓവറിൽ ടീം സ്കോർ 100 കടത്തി. 22–ാം ഓവറിൽ സ്കോർ 156ൽ നിൽക്കേ ഷഹീൻ അഫ്രിദിയുടെ പന്തിൽ ഇഫ്തിഖർ അഹമ്മദിന് ക്യാച്ച് നൽകി രോഹിത് പുറത്തായി. 63 പന്തിൽ 6 ഫോറും 6 സിക്സും ഉൾപ്പെടെ 86 റൺസ് നേടി തുടർച്ചയായ രണ്ടാം സെഞ്ചുറി നേടും എന്ന തോന്നലുണ്ടാക്കിയ ശേഷമായിരുന്നു നായകന്റെ പുറത്താകൽ.

തുടർന്ന് ശ്രേയസ് അയ്യർ അഞ്ചാമനായി ക്രീസിലെത്തിയ കെ.എൽ.രാഹുലുമൊന്നിച്ച് ടീമിനെ ജയത്തിലേക്കു നയിച്ചു. ബൗണ്ടറി നേടി ടീമിനെ വിജയത്തിലെത്തിച്ച താരം അർധ സെഞ്ചറിയും പൂർത്തിയാക്കി. 62 പന്തിൽ 2 സിക്സും 3 ഫോറും ഉൾപ്പെടെ 53 റൺസാണ് ശ്രേയസ് നേടിയത്. 29 പന്തിൽ 19 റൺസ് നേടിയ രാഹുൽ പുറത്താകാതെ നിന്നു. പാക് ബൗളിംഗ് നിരയിൽ ഷഹിൻ അഫ്രീദി രണ്ടും ഹസൻ അലി ഒരു വിക്കറ്റും നേടി.

നേരത്തെ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ബൗളർമാർ കളം നിറഞ്ഞപ്പോൾ പാക് പടയുടെ പ്രതിരോധം 192ൽ അവസാനിക്കുകയായിരുന്നു. ഒരുഘട്ടത്തിൽ 2ന് 155 എന്ന ശക്തമായ നിലയിൽ നിന്നാണ് 42.5 ഓവറിൽ 191 എന്ന നിലയിൽ പാക് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത്. 36 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ് നഷ്ടമായത്. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ബാബർ അസമാണ് (50) അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ 73 റൺസ് നേടുന്നതിനിടെ പാകിസ്ഥാന്റെ രണ്ട് ഓപ്പണർമാർ പുറത്തായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ അബ്ദുല്ല ഷഫീഖ് 8–ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 24 പന്തിൽനിന്ന് 20 റൺസാണ് ഷഫീഖ് നേടിയത്. 13–ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ കെ.എൽ.രാഹുൽ പിടിച്ചാണ് ഇമാം ഉൽ ഹഖ് പുറത്തായത്. 38 പന്തിൽ 36 റൺസാണ് സമ്പാദ്യം.

തുടർന്ന് ഒന്നിച്ച ബാബർ – റിസ്‌വാൻ സഖ്യം 19–ാം ഓവറിൽ ടീം സ്കോർ 100 കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പാക്ക് ഇന്നിങ്സിൽ 82 റൺസാണ് പാക് സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. 58 പന്തിൽ 50 റൺസ് നേടിയ ബാബറിനെ ക്ലീൻ ബോൾഡാക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.അഞ്ചാമനായിറങ്ങിയ സൗദ് ഷക്കീൽ (10 പന്തില്‍ 6) കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. പിന്നാലെയിറങ്ങിയ ഇഫ്തിഖർ അഹമ്മദും അതേ ഓവറിൽ ബോൾഡായി. ഒരു ഫോർ മാത്രമാണ് താരത്തിന് നേടാനായത്.

അർദ്ധ സെഞ്ചുറിക്ക് ഒരു റൺ അകലെ മുഹമ്മദ് റിസ്‌വാനെ തൊട്ടടുത്ത ഓവറിൽ ബുമ്ര മടക്കി. തൊട്ടടുത്ത ഓവറിൽ ഷദാബ് ഖാനെ (5 പന്തിൽ 2) ക്ലീൻ ബോൾഡാക്കി ബുമ്ര വീണ്ടും പാക് നിറയെ ഞെട്ടിച്ചു. 4 റൺസ് നേടിയ മുഹമ്മദ് നവാസിനെ ഹാർദിക് പാണ്ഡ്യ ബുമ്രയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ 12 റൺസുമായി ഹസൻ അലിയും മടങ്ങി. ജഡേജയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ ഹാരിസ് റൗഫിനെ (6 പന്തിൽ 2) മടക്കിയ ജഡേജ പാക് ഇന്നിങ്സ് അവസാനിപ്പിച്ചു.

Related Articles

Latest Articles