ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം തവണയാണ് ഭാരതം സാഫ് കിരീടത്തിൽ മുത്തമിടുന്നത്. തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാരായതോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ തുടർച്ചയായി മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ ടീമെന്ന നേട്ടവും ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി. നവംബർ 17ന് നടന്ന ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇഞ്ചുറി ടൈമിൽ അൽമ്ഗീർ ഗാസിയിലൂടെ പാകിസ്താനാണ് ആദ്യം ലീഡ് നേടിയത്. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാകിസ്താൻ 1–0ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ ജുനൈദ് ഷായ്ക്ക് VAR പരിശോധനയ്ക്കുശേഷം ചുവപ്പുകാർഡ് ലഭിച്ചതോടെ പാകിസ്താൻ പത്ത് പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ഭാരതം 60-ാം മിനിറ്റിൽ സുഹൈൽ അഹമ്മദ് ഭട്ടിലൂടെ സമനില പിടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ 88-ാം മിനിറ്റിൽ കോർണർ കിക്കിൽ ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലെത്തിച്ച് സന്ദീപ് മാണ്ടി വിജയഗോൾ നേടി. ഇതോടെ പാകിസ്ഥാനെതിരായ തിരിച്ചുവരവ് വിജയത്തിലൂടെ ഭാരതം പത്താം സാഫ് കിരീടം ഉറപ്പിച്ചു. ഫൈനലിന് പിന്നാലെ വിജയികളായ ഭാരത ടീമിന് പാകിസ്ഥാൻ താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയത് മത്സരത്തിലെ ശ്രദ്ധേയമായ കായികമര്യാദയുടെ നിമിഷമായി.

