ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി ആരോപണം. സംഭവത്തിൽ ഏകദേശം 45 വയസ്സുള്ളയാളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച മദ്യലഹരിയിലെത്തിയ ഇയാൾ ഗുരുദ്വാരയ്ക്കുള്ളിൽ കടന്ന് വിശുദ്ധ ഗ്രന്ഥത്തിന്റെ പേജുകൾ കീറിയെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. നവംബർ 17ന് ഇയാൾ വീണ്ടും ഗുരുദ്വാരയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന നിഹംഗുകൾ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. മതപരമായ പാരായണം നടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും ഗ്രന്ഥത്തിലെ 703, 704 നമ്പർ പേജുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 298, 299 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ആരാധനാലയത്തെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികളും സംബന്ധിച്ച വകുപ്പുകളാണിവ. അതേസമയം, പ്രതിയെ വിട്ടുനൽകണമെന്നും കേടുപാടുകൾ സംഭവിച്ച വിശുദ്ധ ഗ്രന്ഥത്തിന്റെ പേജുകൾ തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സിഖ് സമൂഹാംഗങ്ങൾ തിലക് നഗർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാത്രിയുണ്ടായ പ്രതിഷേധത്തിൽ റോഡ് ഉപരോധിച്ചതോടെ പ്രദേശത്ത് കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കുണ്ടായി. ഗുരുബാണിയും കീർത്തനവും ആലപിച്ചായിരുന്നു പ്രതിഷേധം. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

