Wednesday, November 18, 2026

അതിർത്തി കടന്നെത്തിയ ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് സൈനികർ കൈയേറ്റം ചെയ്തതായി ആരോപണം: ദൃശ്യങ്ങൾ പുറത്ത്, സൈനികൻ സുരക്ഷിതമായി ഭാരതത്തിൽ തിരിച്ചെത്തി

മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിവാദം. നവംബർ 17ന് ഉച്ചയോടെയാണ് സംഭവം. അതിർത്തിയിൽ പതിവ് പട്രോളിങ്ങിനിടെ ജവാൻ ബംഗ്ലാദേശ് ഭാഗത്തേക്ക് കടക്കുകയായിരുന്നു. സിൽഹെറ്റ് മേഖലയിലെ ബിച്ചനകാണ്ടി അതിർത്തിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനുപിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളിൽ ബംഗ്ലാദേശ് സൈനികർ ജവാനെ തോക്കിന്റെ സ്ട്രാപ്പിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നതും മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോകുന്നതും കാണാം. പ്രദേശവാസികളും ജവാനെ വളഞ്ഞതായി ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ബിഎസ്എഫ് അധികൃതർ അന്വേഷണം നടത്തിവരികയാണ്.

ഇരുരാജ്യങ്ങളിലെയും അതിർത്തി സേനാ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ഫ്ലാഗ് മീറ്റിംഗിനെത്തുടർന്ന് ജവാനെ സുരക്ഷിതമായി ഭാരതത്തിലേക്ക് തിരിച്ചെത്തിച്ചു. മേഘാലയയിലെ ജൗവായ് മേഖലയിലുള്ള അതിർത്തിയുടെ ചില ഭാഗങ്ങളിൽ വേലികളില്ലാത്തതാണ് സംഭവത്തിന് ഇടയാക്കിയത്. പ്രദേശവാസികൾ പിടികൂടി ബിജിബിക്ക് കൈമാറിയതാണെന്നാണ് റിപ്പോർട്ടുകൾ. ജവാനെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അതിർത്തി സേനയുടെ പെരുമാറ്റത്തെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

Related Articles

Latest Articles