Thursday, May 2, 2024
spot_img

ജനസംഖ്യയിൽ ഇനി ഇന്ത്യ ഒന്നാമത്; ചൈനയെ മറികടന്ന് ഇന്ത്യയുടെ കുതിപ്പ്; ഇന്ത്യയിലിപ്പോൾ ചൈനയേക്കാൾ 50 ലക്ഷം പേർ കൂടുതലെന്ന് പഠനം

ദില്ലി: ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയതായി പഠന റിപ്പോർട്ട്. വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ കണക്ക് പ്രകാരം ഇന്ത്യൻ ജനസംഖ്യ 141.7 കോടി കടന്നു. ഇത് ചൈനീസ് ജനസംഖ്യയേക്കാൾ 50 ലക്ഷം അധികമാണ്. ചൈന ജനുവരി 17 നു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ 141.2 കോടിയാണ്. കോവിഡ് നിയന്ത്രണങ്ങൾ കാരണം 2021 ൽ പുറത്തുവരേണ്ട ഇന്ത്യയുടെ ജനസംഖ്യാ കണക്കുകൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സെൻസസ് നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് കാരണം. 1960 നു ശേഷം ചൈനയുടെ ജനസംഖ്യയിൽ ഇത്തവണ കുറവ് രേഖപ്പെടുത്തിയിരുന്നു.

ജനസംഖ്യയിൽ 50 ശതമാനം 30 നു താഴെ പ്രായമുള്ളവരാണ് എന്നത് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പത് വ്യവസ്ഥയായി ഇന്ത്യ മാറാനുള്ള പ്രധാന കാരണം ഇതാണ്. 2023 അവസാനത്തോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും എന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ കണക്കുകൂട്ടൽ. എന്നാൽ വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ കണക്ക് പ്രകാരം 2022 അവസാനത്തോടെ തന്നെ ഇന്ത്യ ചൈനയെ മറികടന്നു. ഇന്ത്യയുടെ ജനസംഖ്യാ വർദ്ധനവിന്റെ വേഗത കുറഞ്ഞെങ്കിലും 2050 വരെ ഇന്ത്യയിൽ ജനസംഖ്യാ വർദ്ധനവ് തുടരുമെന്ന് ഏജൻസി കണക്കുകൂട്ടുന്നു.

ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഭക്ഷ്യോൽപ്പാദന രംഗത്ത് രാജ്യം സ്വയം പര്യാപ്തത നേടിയിട്ടുണ്ട്.അരിയുടെയും ഗോതമ്പിന്റെയും പഞ്ചസാരയുടെയും ഉൽപ്പാദനത്തിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്. അതേസമയം ഭക്ഷ്യ എണ്ണയുടെയും ക്രൂഡ് ഓയിലിന്റെയും ഇറക്കുമതിയിൽ ഇന്ത്യ മുൻനിരയിൽ തന്നെയുണ്ട്.

Related Articles

Latest Articles