Friday, April 19, 2024
spot_img

അഞ്ചു ദിവസത്തെ മകരവിളക്ക് ഉത്സവത്തിന് കൊടിയിറങ്ങി; തിരുവാഭരണങ്ങൾ പടിയിറങ്ങി; ആചാരപ്പെരുമയുടെ അപൂർവ്വ ദൃശ്യങ്ങൾ കാണാം

സന്നിധാനം: തിരുവാഭരണങ്ങൾ ചാർത്തി നടന്ന ദീപാരാധനയോടെ തുടങ്ങിയ അഞ്ചു ദിവസത്തെ മകരവിളക്ക് ഉത്സവത്തിന് സന്നിധാനത്ത് ഭക്തി നിർഭരമായ കൊടിയിറക്കം. മാളികപ്പുറത്ത് നടന്ന ഗുരുതിയായിരുന്നു ഈ തീർത്ഥാടന കാലത്തെ അവസാനത്തെ ചടങ്ങ്. ഇന്ന് രാവിലെ തന്നെ തിരുവാഭരണ സംഘം പടിയിറങ്ങി. രാജപ്രതിനിധി ഇത്തവണ തിരുവാഭരണ സംഘത്തെ അനുഗമിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തിരുവാഭരണ സംഘത്തിന്റെ മടക്കയാത്രയിൽ വിശേഷാൽ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. മുതിർന്ന രാജകുടുംബാംഗത്തിന്റെ ദേഹവിയോഗത്തെ തുടർന്നാണ് രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാത്തത്.

രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വലിയ ഭക്തജന പങ്കാളിത്തത്തോടെയായിരുന്നു ഇത്തവണത്തെ തീർത്ഥാടനം നടന്നത്. ആദ്യ ദിവസം മുതൽ സന്നിധാനത്ത് ഭക്തജന പ്രവാഹമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസും ദേവസ്വം ബോർഡും പലതവണ ബുദ്ധിമുട്ടി. അരവണയിലെ കീടനാശിനി സാന്നിധ്യം, അരവണ ടിന്നിലെ അപാകത, ഹെലികോപ്റ്റർ സർവ്വീസ്, തീർത്ഥാടകർക്കുള്ള സൗകര്യങ്ങളുടെ അഭാവങ്ങൾ എന്നിങ്ങനെയുള്ള ചെറു വിവാദങ്ങളും ഈ തീർത്ഥാടന കാലയളവിലുണ്ടായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് റെക്കോർഡ് വരുമാനം കിട്ടിയ തീർത്ഥാടന കാലമാണ് കടന്നുപോയത്. നിലവിലെ കണക്ക് പ്രകാരം 312 കോടിയിലധികം രൂപയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളത്. സന്നിധാനത്ത് കാണിക്കയായി കിട്ടിയ നാണയങ്ങൾ ഇതുവരെ പൂർണമായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല.നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. ഇതിനു ശേഷമേ മുഴുവൻ വരുമാനം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.

Related Articles

Latest Articles