കൊളാബോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ അർജുന രണതുംഗ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി കൊണ്ട് ബുദ്ധിമുട്ടിയ ശ്രീലങ്കയ്ക്ക് സഹായമെത്തിച്ചതിനാണ് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് അർജുന രണതുംഗ രംഗത്ത് എത്തിയത്.
ജാഫ്ന വിമാനത്താവളം യാഥാർത്ഥ്യമാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സഹായങ്ങൾ നൽകി. പെട്രോൾ മുതൽ മരുന്ന് വരെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഇന്ത്യ ഞങ്ങൾക്ക് ഒപ്പം നിൽക്കുന്നു. മറ്റാരും ചെയ്യാത്ത സഹായമാണ് ഇന്ത്യ ഞങ്ങൾക്ക് ചെയ്യുന്നത്.
ഇന്ത്യ ഞങ്ങൾക്ക് എന്നും ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്. രണതുംഗ പറഞ്ഞു. മാത്രമല്ല ശ്രീലങ്കയ്ക്ക് വെറുതെ പണം നൽകുക മാത്രം ചെയ്യാതെ ഇന്ത്യ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. തീർച്ചയായും ഇന്ത്യയുടെ നിലപാട് ശ്രീലങ്കയ്ക്ക് വലിയ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സാമ്പത്തിക പ്രതിസന്ധിയും ഭരണ പ്രതിസന്ധിയും കൊണ്ട് ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. ഏപ്രിൽ ഒന്നിന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചതായി കാണിച്ച് പ്രസിഡന്റ് ഗോതാബയ രാജപക്സെ ഉത്തരവിറക്കുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പുതിയ ധനമന്ത്രി അലി സാബ്രി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂർ തികയും മുൻപേ രാജിവെച്ചിരുന്നു. ശ്രീലങ്കയിൽ പ്രധാനമന്ത്രി ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച രാജിവച്ചിരുന്നു. ഇതിൽ പ്രധാനമന്ത്രിയുടെ മകൻ നമൽ രാജപക്സെയും ഉൾപ്പെടുന്നു.
ശ്രീലങ്കയിൽ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമമാണ് ഇപ്പോഴും നേരിടുന്നത്. രാജ്യത്ത് ഊർജപ്രതിസന്ധിയും രൂക്ഷമാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ കർഫ്യൂവും അടിയന്തരാവസ്ഥയും വകവെക്കാതെ പ്രതിഷേധം തുടർന്നു.
ഇതേതുടർന്ന് രാജ്യമെമ്പാടും സൈന്യവും പൊലീസും നിലയുറപ്പിച്ചിരുന്നു. പ്രക്ഷോഭം അക്രമാസക്തമായതോടെ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇന്ന് പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നിലവിൽ ഭൂരിപക്ഷമില്ലാത്തതിനാൽ അധികാരത്തിൽ തുടരാനുളള ശ്രമങ്ങളുടെ ഭാഗമായി സർവകക്ഷി സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം പകലും ലങ്കയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രതിഷേധം തുടർന്നു. ഇതേതുടർന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കൊളംബോ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. ഇന്നലെയും ഇന്നും പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പട്ടണങ്ങളിൽ സുരക്ഷ ശക്തമാക്കി. സർവകക്ഷി സർക്കാർ ഉണ്ടാക്കി പ്രതിസന്ധി നേരിടാം എന്ന രജപക്സേമാരുടെ നിർദേശം പ്രതിപക്ഷ പാർട്ടികൾ തള്ളിക്കളഞ്ഞിരിക്കുകയാണ്.

