Tuesday, September 22, 2026

ജി 20 ഉച്ചകോടി നടത്താൻ ഭാരതം പൂർണ്ണ സജ്ജം; പരിപാടിയിൽ പങ്കെടുക്കാൻ 40 രാജ്യങ്ങളുടെയും നിരവധി ആഗോള സംഘടനകളുടെയും തലവൻമാർ ദില്ലിയിലെത്തും, രാജ്യത്തിന് മഹത്വം കൊണ്ടുവരാൻ എല്ലാ ജനങ്ങളോടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ദില്ലി: ജി 20 ഉച്ചകോടി നടത്താൻ ഭാരതം പൂർണമായും സജ്ജമായി കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ നടക്കുന്ന ജി20 ഉച്ചകോടി വിജയിപ്പിക്കാനും രാജ്യത്തിന് മഹത്വം കൊണ്ടുവരാനും എല്ലാ ജനങ്ങളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 104-ാം എപ്പിസോഡിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. വാരണാസിയിൽ നടന്ന ജി20 ക്വിസിൽ 800 സ്‌കൂളുകളിൽ നിന്നുള്ള 1.25 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തത് ലോക റെക്കോർഡായി മാറിയതായി പ്രധാനമന്ത്രി വ്യക്തമാക്കി.

“സെപ്റ്റംബർ മാസം ഇന്ത്യയുടെ സാധ്യതകൾക്ക് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നു. ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്. ഈ പരിപാടിയിൽ പങ്കെടുക്കാൻ 40 രാജ്യങ്ങളുടെയും നിരവധി ആഗോള സംഘടനകളുടെയും തലവൻമാർ ഡൽഹിയിലെത്തും. ഇത് ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായിരിക്കും.”- പ്രധാനമന്ത്രി പറഞ്ഞു.

2022 ഡിസംബർ ഒന്നിന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയനുകൾ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് 20 എന്ന് അറിയപ്പെടുന്നത്.

Related Articles

Latest Articles