Friday, September 25, 2026

ഇത്തവണത്തെ ഓണം കാണം വിറ്റാലും ഉണ്ണാൻ പറ്റില്ല! കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാള്‍ മുഖ്യമന്ത്രി മാത്രം, ദന്തഗോപുരത്തില്‍ നിന്നും അദ്ദേഹം താഴെയിറങ്ങി വന്നാല്‍ മാത്രമെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ, പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് വി ഡി സതീശൻ

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥയാണ് കേരളത്തിലെന്നും 7 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കിയെന്നും അതില്‍ തന്നെ പത്ത് ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവധത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.കരാറുകാര്‍ക്ക് 700 കോടിയോളം രൂപയാണ് കൊടുക്കാനുള്ളത്. സപ്ലൈകോ 750 കോടി ചോദിച്ചപ്പോള്‍ 70 കോടി മാത്രമാണ് നല്‍കിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചത്. വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രിയായിരിക്കും. ദന്തഗോപുരത്തില്‍ നിന്നും മുഖ്യമന്ത്രി താഴെയിറങ്ങി വന്നാല്‍ മാത്രമെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂയെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

മാവേലി സ്റ്റേറില്‍ സാധനങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നതെന്നും ഓണത്തെ സര്‍ക്കാര്‍ സങ്കടകരമാക്കി മാറ്റിയെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയതിനാണ് ഞങ്ങള്‍ ഇഷ്ടം പോലെ പണം നല്‍കിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി പറയുന്നതെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം ആറ് ഗഡു ഡി.എ കുടിശികനല്‍കാനുണ്ടെന്നും സ്‌കൂളിലെ പാചകക്കാര്‍ക്കും ആശ്വാസകിരണം പദ്ധതിയില്‍പ്പെട്ടവര്‍ക്കുമൊക്കെ പണം നല്‍കാനുണ്ടെന്നും കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, ലോട്ടറി, കയര്‍ തുടങ്ങി പണം നൽകാൻ നിരവധി മേഖലകൾ ബാക്കിയുള്ളതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles