Sunday, May 5, 2024
spot_img

ഹിമാലയം പോലെ ഉറച്ചതാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം; ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി മോദി

കാഠ്മണ്ഡു: ഹിമാലയം പോലെ ഉറച്ചതാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ ലുംബിനിയില്‍ എത്തിയ പ്രധാനമന്ത്രി അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

‘ഇന്ത്യയുടെയും നേപ്പാളിന്റെയും എക്കാലത്തെയും ദൃഢമായ സൗഹൃദവും അടുപ്പവും ഉയര്‍ന്നുവരുന്ന ആഗോള സാഹചര്യങ്ങളില്‍ മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനം ചെയ്യും. ഇന്ത്യയും നേപ്പാളും തമ്മില്‍ എല്ലാത്തരത്തിലുള്ള ബന്ധപ്പെട്ടിരിക്കുന്നു. നേപ്പാളിലെ പര്‍വതങ്ങള്‍ക്ക് സമാനമായ ഉയരം നമ്മുടെ ബന്ധങ്ങള്‍ക്ക് നല്‍കണം. നേപ്പാള്‍ ഇല്ലാതെ രാമദേവന്‍ പോലും അപൂര്‍ണമാണ്. അതിര്‍ത്തികള്‍ക്കപ്പുറമാണ് ബുദ്ധന്‍, ബുദ്ധന്‍ എല്ലായിടത്തുമുണ്ട്. മാനവികതയുടെ അന്തസത്തയുടെ പ്രതിരൂപമാണ് ബുദ്ധന്‍’- പ്രധാനമന്ത്രി പറഞ്ഞു

അതേസമയം ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ലുംബിനിയിലെത്തിയത്. നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബെഹാദൂര്‍ ദ്യൂബ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തെക്കന്‍ നേപ്പാളിലാണ് ലുംബിനി സ്ഥിതിചെയ്യുന്നത്. ബുദ്ധന്റെ ജന്മസ്ഥലമായ ഇവിടെ ബുദ്ധപൂര്‍ണിമയുമായി ബന്ധപ്പെട്ട് വലിയ ആഘോഷപരിപാടികളാണ് നടക്കുന്നത്. ബുദ്ധപൂര്‍ണിമ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. മോദിയുടെ അഞ്ചാം നേപ്പാള്‍ സന്ദര്‍ശനമാണിതെങ്കിലും ആദ്യമായാണ് ലുംബിനി അദ്ദേഹം സന്ദര്‍ശിക്കുന്നത്. മായാദേവി ക്ഷേത്രസന്ദര്‍ശനത്തോടെയാണ് പ്രധാനമന്ത്രിയുടെ പര്യടനം തുടങ്ങിയത്. സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

Related Articles

Latest Articles