Sunday, June 2, 2024
spot_img

പാക്കിസ്ഥാനോട് സംസാരിക്കേണ്ട കാര്യം പോലുമില്ല: ഇന്ത്യ

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന പാകിസ്ഥാൻ പ്രചാരണം തള്ളി ഇന്ത്യ. ഭീകരവാദികൾക്ക് സഹായവും പ്രോത്സാഹനവും നൽകുന്ന പാകിസ്ഥാനുമായി ഒരു വിധ ഉഭയകക്ഷി ചർച്ചയും ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എഫ്എടിഎഫ് യോഗത്തിന് മുന്നോടിയായി മറ്റ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പാകിസ്താൻ ശ്രമത്തെയാണ് ഇന്ത്യ തള്ളിയത്. സംഭവിക്കാത്തതും ആലോചിക്കാത്തതുമായ കാര്യങ്ങള്‍ പാകിസ്ഥാൻ പ്രചരിപ്പിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം നിലപാട് എഫ്എടിഎഫിലെ അംഗ രാജ്യങ്ങളെ ഇന്ത്യ അറിയിക്കുകയും ചെയ്തു. 2015 ഡിസംബറിന് ശേഷം പാകിസ്താനുമായി ഉഭയകക്ഷി ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഉഭയകക്ഷി ബന്ധം ആ രാജ്യം ഭീകരവാദത്തെ പിന്തുണയ്ക്കുന്നിടത്തോളം ഉണ്ടാകുകയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഒക്ടോബർ 2123 നാണ് പാകിസ്ഥാനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമോ എന്നത് സംബന്ധിച്ച് എഫ്എടിഎഫ് ചർച്ച നടത്തുക.

എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ കഴിയുന്ന പാകിസ്ഥാനോ നിർദേശിച്ചിട്ടുള്ള ഭീകരവാദവിരുദ്ധ നടപടികൾ ഇനിയും പൂർണമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. 40 നിർദേശങ്ങളിൽ പാകിസ്ഥാൻ പാലിച്ചത് രണ്ടെണ്ണം മാത്രമാണെന്ന് എഷ്യാ പസഫിക് ഗ്രൂപ്പ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നു എന്ന പാകിസ്ഥാന്‍റെ വ്യാജ പ്രചരണം. ഇമ്രാൻ ഖാന്റെ സുരക്ഷാ ഉപദേഷ്ടാവ് മോയിദ് യൂസഫ് ഇക്കാര്യം ചില മാധ്യങ്ങളോടും അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇത് പൂര്‍ണ്ണമായും തളളി രംഗത്ത് വന്നത്.

Related Articles

Latest Articles