Saturday, May 4, 2024
spot_img

ചൈനയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അധോലോക നായകനെ പൊക്കി ഭാരതം! ഛോട്ടാ രാജൻ സംഘത്തിന്റെ സഹായി പ്രസാദ് പൂജാരിയെ ചൈനയിൽ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിച്ചു

ദില്ലി: 20 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം ഛോട്ടാ രാജൻ സംഘത്തിന്റെ സഹായി സുഭാഷ് വിത്തൽ പൂജാരി എന്ന പ്രസാദ് പൂജാരിയെ ചൈനയിൽ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിച്ചു. കൊലപാതകമടക്കമുള്ള കേസുകളിലെ പ്രതിയായ ഇയാളെ മുംബൈ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഛോട്ടാ രാജൻ സംഘത്തിന്റെ സഹായിയായി ഇയാൾ ഏറെക്കാലം പ്രവർത്തിച്ചിട്ടുമുണ്ട്.

20 വർഷമായി പൂജാരി ഭാര്യയ്‌ക്കൊപ്പം ചൈനയിൽ ഒളിവിൽ കഴിയുകയായിരുന്നു. ക്രൈം ബ്രാഞ്ചും ആന്റി എക്സ്റ്റോർഷൻ സെല്ലും കുറച്ച് വർഷങ്ങളായി ഇയാൾക്ക് പിന്നാലെയായിരുന്നു. കർണാടകയിലെ ഉഡുപ്പി സ്വദേശിയായ പൂജാരി കുടുംബത്തോടൊപ്പം നവി മുംബൈയിലെ വാഷിയിലും മുംബൈയിലെ വിക്രോളിയിലുമാണ് നേരത്തെ താമസിച്ചിരുന്നത്.

ആദ്യം കുമാർ പിള്ള സംഘത്തിനൊപ്പം പ്രവർത്തിച്ച പൂജാരി പിന്നീട് ഛോട്ടാ രാജന്റെ സംഘത്തിൽ ചേർന്നു. പിന്നീട് സ്വന്തം സംഘം തുടങ്ങുകയും ചെയ്തു. വിവിധ ക്രിമിനൽ കേസുകളിൽ പൂജാരി പ്രതിയാണ്. ഇയാൾക്കെതിരെ നിലനിൽക്കുന്ന എട്ട് കേസുകളിലാണ് മുബൈ പോലീസ് കസ്റ്റഡിയിലെടുത്തത്.
മുംബൈ പോലീസിന് കൈമാറിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി 14 ദിവസം കസ്റ്റഡിയിൽ വാങ്ങി. 2005ൽ രാജ്യം വിട്ടതിന് പിന്നാലെ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇയാളുടെ സ്ഥാനം കണ്ടെത്താൻ മുംബൈയിലെ കുടുംബാംഗങ്ങൾക്ക് വിളിച്ച ഫോൺ കോളുകൾ സഹായിച്ചു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണെന്നു മനസ്സിലാക്കിയ നിയമപാലകർ പൂജാരിയെ നാടുകടത്താൻ രാജ്യത്തിനകത്തും പുറത്തുമുള്ള നയതന്ത്ര മാർഗങ്ങൾ ഉപയോഗിച്ചു. ഒളിവിൽ കഴിയുന്നതിനിടെ പൂജാരി രണ്ട് ചൈനീസ് സ്ത്രീകളെ വിവാഹം കഴിച്ചു. ഇതിൽ ഇയാൾക്ക് മൂന്ന് കുട്ടികളുണ്ട്.

Related Articles

Latest Articles