Thursday, May 2, 2024
spot_img

‘ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കും, പാകിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി ; ഏതു സാഹചര്യവും നേരിടാൻ സേന സജ്ജം’: കരസേനാ മേധാവി

ദില്ലി: പാക്കിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്‌ടിക്കുന്നതായി കരസേന മേധാവി എം എം നരവനെ പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമാണ്. ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേത്. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല ചർച്ചയും തുടരുന്നു എന്നും കരസേന മേധാവി വ്യക്തമാക്കി.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാന്‍ തുടരുകയാണ്. ഭീകരരോട് ഒരു തരി സഹതാപവും ഇന്ത്യൻ സൈന്യത്തിനില്ല. ശക്തമായ തിരിച്ചടി നൽകും. ഏതു സമയത്തും എവിടേയും അതീവ കൃത്യതയോടെ ഇന്ത്യൻ സൈന്യം പ്രതികരിക്കും. ഇന്ത്യയുടെ ഈ സന്ദേശം ലോകമെമ്പാടും ഇന്ത്യ നൽകിക്കഴിഞ്ഞു.’ കരസേനാ മേധാവി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

രാജ്യസുരക്ഷയാണ് സൈന്യത്തിന്റെ ആത്യന്തിക ലക്ഷ്യം. അതിനായി സൈന്യം എല്ലാ സാങ്കേതിക വിദ്യകളും സ്വായത്തമാക്കുകയാണ്. സൈന്യത്തെ ആധുനിക രീതിയിൽ സുസജ്ജമാക്കുകയാണ് ഉദ്ദേശം. വടക്ക് കിഴക്കൻ അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. എവിടേയും സമാധാനമാണ് സൈന്യം ആഗ്രഹിക്കുന്നത് നരവാനേ പറഞ്ഞു.

വടക്കന്‍ മേഖലകളിലെ അതിര്‍ത്തികളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമാധാനമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും നരവനെ വ്യക്തമാക്കി. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യപ്പെട്ട് ചൈന ഇന്ത്യയെ സമീപിച്ചു. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് സമയം ചോദിച്ചു.

Related Articles

Latest Articles