ദില്ലി: ഇന്ത്യ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിസാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി. ഉപഭോഗവും നിക്ഷേപവും വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2.9 ട്രില്യണ്‍ ഡോളറാണ്. ഇത് 2030 ഓടെ പത്ത് ട്രില്യണ്‍ ഡോളറായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അഞ്ച് ട്രില്യണ്‍ ഡോളറാവും. 2030-31 സാമ്പത്തിക വര്‍ഷത്തില്‍ അത് പത്ത് ട്രില്യണ്‍ ആകുമെന്നും അതോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ജയ്റ്റ്ലി പറഞ്ഞു. അമേരിക്ക ഒന്നാം സ്ഥാനത്തും ചൈന രണ്ടാം സ്ഥാനത്തുമായിരിക്കും.
രാജ്യത്തെ ദരിദ്രരുടെ എണ്ണം 2011 ലെ സെന്‍സസ് പ്രകാരം 21.9 ശതമാനമായിരുന്നുവെന്നും, ഇപ്പോഴത്തെ സാമ്ബത്തിക വളര്‍ച്ച നിരക്ക് അനുസരിച്ച് അത് 17 ശതമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 15 ശതമാനമാകും. 2024-25 കാലത്ത് ഇത് ഒറ്റയക്കത്തിലേക്ക് എത്തുമെന്നും ജയ്റ്റ്‌ലി പ്രതീക്ഷ പങ്കുവച്ചു.
രാജ്യത്തെ ഇടത്തരക്കാരുടെ എണ്ണം 2015 ല്‍ 29 ശതമാനമായിരുന്നുവെന്നും ഇപ്പോഴത് 44 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു. 2030 ആകുമ്പോഴേക്കും രാജ്യം പൂര്‍ണ്ണമായും ദാരിദ്ര്യ രേഖയ്ക്ക് പുറത്തുകടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ രാജ്യത്തെ ഇടത്തരക്കാര്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ നാല് മടങ്ങായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത്തരക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് രാജ്യത്ത് ഉപഭോഗം വര്‍ദ്ധിപ്പിക്കും. അടിസ്ഥാന സൗകര്യമടക്കം രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും വികസനം ഉണ്ടാകും. അതേസമയം രാജ്യത്ത് റെയില്‍വെയടക്കമുള്ള അടിസ്ഥാന സൗകര്യ മേഖലകളില്‍ കൂടുതല്‍ വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

