Saturday, May 18, 2024
spot_img

പ്രതി ഡോക്ടര്‍മാരുമായി വഴക്കിട്ടു,​ ക്രൂരമായി മര്‍ദ്ദിച്ച ഏഴുവയസുകാരന്റെ ചികിത്സ മനഃപൂര്‍വ്വം വൈകിപ്പിക്കാൻ പ്രതി ശ്രമിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൊടുപുഴ: ക്രൂരമായി മര്‍ദ്ദിച്ച ശേഷം അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴുവയസുകാരന്റെ ചികിത്സ മനഃപൂര്‍വ്വം വൈകിപ്പിക്കാനും പ്രതി അരുണ്‍ ആനന്ദ് ശ്രമിച്ചതായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞു. കുട്ടിയുമായി കാറില്‍ മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടര്‍മാരുമായി വഴക്കിട്ടു. ആംബുലന്‍സില്‍ കയറാതിരിക്കാനും ശ്രമിച്ചു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നെന്നാണ് ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നത്.

പ്രതി അരുണ്‍ ആനന്ദ് ഡ്രൈവ് ചെയ്താണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയത്. ഷര്‍ച്ച്‌ അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകള്‍ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സ്ട്രെച്ചറില്‍ യുവതി കുട്ടിയുമായി ആശുപത്രിക്കുള്ളിലേക്ക് പോയി. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുണ്‍ ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു. സംശയം തോന്നിയതോടെ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോട് അരുണ്‍ ആനന്ദും യുവതിയും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ ദുരൂഹത ഉറപ്പിച്ചു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ കുട്ടിയെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും കൂടെകയറാന്‍ യുവതിയും അരുണ്‍ ആനന്ദും തയ്യാറായില്ല.

ഒടുവില്‍ അരമണിക്കൂറിന് ശേഷം അരുണിനെ പൊലീസ് ബലമായി ആംബുലന്‍സില്‍ കയറ്റി. കാര്‍എടുക്കാന്‍ പോയ യുവതിയേയും പിന്നീട് പൊലീസ് തന്നെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. വിദഗ്ദ്ധചികിത്സ ലഭ്യമാക്കാമായിരുന്ന ഒന്നര മണിക്കൂറിലധികം അരുണും യുവതിയും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തുന്നത് വൈകിപ്പിച്ചു എന്നാണു ദൃശ്യങ്ങളില്‍ കാണുന്നത്.

Related Articles

Latest Articles