ദില്ലി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം നേരിടാനുള്ള നടപടികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ബാങ്കിംഗ് മേഖലയിലെ പരിഷ്കരണത്തിന് ശേഷം അടുത്ത ലക്ഷ്യം നികുതി മേഖലയിലെ പരിഷ്കരണമാണെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുന്നുണ്ടെന്നും പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിര്‍ത്താനായെന്നും ധനമന്ത്രി ദില്ലിയില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
ബാങ്കുകളില്‍ കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇതിനായി ഈ മാസം 19ന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കും. രാജ്യത്ത് നടക്കുന്ന ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കും. കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. 2020 ജനുവരി മുതല്‍ ടെക്സ്റ്റൈല്‍ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും ധനകാര്യമന്ത്രി അറിയിച്ചു. രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ ദുബായ് മാതൃകയില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തും.

