കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായി നടന്ന അവസാന സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മിന്നുന്ന വിജയം. ഇന്ത്യ ഉയർത്തിയ 360 റൺസിന്റെ കോട്ടക്കുമുന്നിൽ ബംഗ്ലാദേശ് കടപുഴകി വീണു. 95 റൺസിന്റെ വമ്പൻ പരാജയമാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. കെ എൽ രാഹുലിന്റയും (108) എം എസ് ധോണിയുടേയും (113) സെഞ്ചുറി മികവിലാണ് ഇന്ത്യ 360 റൺസിന്റെ വിജയലക്ഷ്യം കുറിച്ചത്.
ഇന്ത്യയുടെ 360 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് പക്ഷേ 49.3 ഓവറിൽ 264 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യയുടെ സ്പിന്നിംഗ് മികവിനുമുന്നിൽ ലങ്കൻ ബാറ്റിങ് നിരക്ക് അടിപതറുന്ന ദൃശ്യങ്ങളാണ് ക്രീസിൽ കണ്ടത്. 90 റണ്‍സ് നേടിയ മുഷ്‌ഫിഖുര്‍ റഹീമും 73 റണ്‍സ് നേടിയ ലിറ്റൺ ദാസും മാത്രമാണ് ബംഗ്ലാ നിരയിൽ തിളങ്ങിയത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. ഓരോ സെഞ്ചുറികളടിച്ച കെ എൽ രാഹുലും എം എസ് ധോണിയുമാണ് ഇന്ത്യയുടെ ഈ കൂറ്റൻ സ്കോറിനുപിന്നിലെ വിജയശില്പികൾ. 99 പന്തിൽനിന്നാണ് രാഹുൽ 108 റൺസ് എടുത്തത്. 78 പന്തിൽനിന്ന് 113 റൺസെടുത്ത് എം എസ് ധോണിയും ബാറ്റിങ്ങിൽ തിളങ്ങി. ധോണിയുടെ ഇന്നിംഗ്സിൽ ഏഴ് കൂറ്റൻ സിക്സറുകളും എട്ട് ബൗണ്ടറികളും പിറന്നു. രാഹുലിന്റെ ഇന്നിംഗ്സിൽ പിറന്നത് നാല് സിക്സറുകളും 12 ബൗണ്ടറികളുമാണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി 47 റൺസ് എടുത്ത് ഔട്ടായി. ഏഷ്യകപ്പ് ഫൈനലിലെ പോരാട്ടത്തിനുശേഷം ഇന്ത്യയും ബംഗ്ലാദേശും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.

