Tuesday, May 21, 2024
spot_img

ജൊഹാനസ്ബെർഗിൽ വമ്പൻ ജയവുമായി ഇന്ത്യൻ യുവനിര! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരം സ്വന്തമാക്കിയത് എട്ടു വിക്കറ്റിന്

ജൊഹാനസ്ബെർഗ്∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഗംഭീര വിജയവുമായി ഇന്ത്യൻ യുവനിര. എട്ടു വിക്കറ്റിന്റെ ഗംഭീര ജയമാണ് ടീം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 117 റൺസ് എന്ന സാമാന്യം കുറഞ്ഞ വിജയ ലക്ഷ്യം വെറും16.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ കീഴടക്കി. ഓപ്പണര്‍ സായ് സുദർശനും ശ്രേയസ് അയ്യരും അർധ സെഞ്ചറിയുമായി തിളങ്ങി. 45 പന്തുകളിൽ 52 റൺസെടുത്ത് ശ്രേയസ് മടങ്ങിയപ്പോൾ 43 പന്തുകളിൽ 55 റൺസെടുത്ത സായ് സുദർശൻ പുറത്താകാതെനിന്നു.അതേസമയം ഋതുരാജ് ഗെയ്ക്‌വാദിനു ഇന്ന് തിളങ്ങാനായില്ല. 10 പന്തുകളിൽ അഞ്ച് റൺസെടുത്ത് താരം പുറത്തായി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 27.3 ഓവറിൽ 116 റൺസെടുക്കാനേ കഴിഞ്ഞുള്ളു. വാലറ്റത്ത് 49 പന്തുകളിൽ 33 റൺസെടുത്ത ആൻഡിലെ പെഹ്‍ലുക്വായോ പൊരുതിയില്ലായിരുന്നുവെങ്കിൽ ടീമിന്റെ നില പരുങ്ങലിലായേനെ. അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ല് തകർത്തത് . ഏകദിനക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടില്‍ അഞ്ച് വിക്കറ്റു വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ‌ പേസറാണ് അർഷ്ദീപ് സിങ്. ആവേശ് ഖാന്‍ നാലും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി. .

രണ്ടാം ഓവറിലെ നാലാം പന്തിൽ ഓപ്പണർ റീസ ഹെൻറിക്സിനെ പൂജ്യത്തിനു പുറത്താക്കി അർഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ റാസി വാൻ ഡർ ദസനെ ആദ്യപന്തിൽ തന്നെ അർഷ്ദീപ് പുറത്താക്കിയപ്പോൾ ദക്ഷിണാഫ്രിക്ക അപകടം മണത്തു. ടോണി ഡെ സോർസിയും ക്യാപ്റ്റൻ എയ്ഡൻ മാർക്രമും ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും സ്കോർ 42 ൽ നിൽക്കെ ടോണി ഡെ സോർസിയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ച് അർഷ്ദീപ് വീണ്ടും ആഞ്ഞടിച്ചു. ഹെൻറിച് ക്ലാസനെയും അർഷ്ദീപ് ബോൾഡാക്കി. 11–ാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ മാർക്രമിനെയും വിയാൻ മുൾ‍ഡറെയും ആവേശ് ഖാൻ മടക്കി. 13–ാം ഓവറിൽ ആവേശ് ഖാന്റെ പന്തിൽ ഡേവിഡ് മില്ലറെ രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി.

17–ാം ഓവറിൽ കേശവ് മഹാരാജ് പവലിയനിലേക്ക് തിരികെ മടങ്ങിയെങ്കിലും പെഹ്‍ലുക്വായോ നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക മൂന്നക്കം കടന്നു. എട്ടു പന്തുകളിൽ നിന്ന് 11 റൺ‌സുമായി ടബരെയ്സ് ഷംസി പുറത്താകാതെ നിന്നു.

Related Articles

Latest Articles