Monday, May 20, 2024
spot_img

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മറിയം നവാസ് അറസ്റ്റില്‍; അച്ഛനും പിന്നാലെ മകളും ജയിലിലേക്ക്

ലാഹോര്‍: പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മകളുമായ മറിയം നവാസ് അറസ്റ്റില്‍. അഴിമതിക്കേസില്‍ അറസ്റ്റിലായ ഏഴു വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട നവാസിനെ കാണാന്‍ ലാഹോറിലെ കോട് ലഖ്പത് ജയിയില്‍ എത്തിയപ്പോഴാണ് പാക് മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് കൂടിയായ മറിയത്തെ രാജ്യത്തെ അഴിമതി വിരുദ്ധ വിഭാഗമായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍.എ.ബി.) അറസ്റ്റു ചെയ്തത്. ചൗധരി പഞ്ചസാര മില്‍ ഉടമസ്ഥരായ മറിയവും ബന്ധുക്കളും കള്ളപ്പണം വെളുപ്പിച്ചതിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന കേസിലാണ് അറസ്റ്റ്. പ്രമാദമായ അവന്‍ഫീല്‍ഡ് അപ്പാര്‍ട്ട്‌മെന്‍റ്സ് കേസിന്‍റെ വിചാരണവേളയില്‍ വ്യാജരേഖ ഹാജരാക്കിയെന്ന മറ്റൊരു ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഈ കേസ് കൂടി മറിയത്തിന് മേല്‍ ചുമത്തിയത്.

മൂന്ന് അഴിമതി കേസുകളിലൊന്നായ അല്‍ അസീസിയ മില്‍ കേസില്‍ ലാഹോര്‍ ജയിലില്‍ ഏഴ് വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് നവാസ് ഷരീഫ്. 2018 ഡിസംബര്‍ 24 മുതല്‍ ഷരീഫ് ജയിലിലാണ്. ഇസ്ലാമബാദിലെ അക്കൗണ്ടബിളിറ്റി കോടതി ജഡ്ജി അര്‍ഷാദ് മാലിക് ആണ് ഷരീഫിന് ശിക്ഷ വിധിച്ചത്. എന്നാല്‍, ജഡ്ജി അര്‍ഷാദ് മാലിക് നവാസിനെതിരെ കേസില്‍ തെളിവൊന്നുമില്ലെന്ന് പറയുന്ന വീഡിയോ മറിയം പുറത്തുവിട്ടിരുന്നു. വീഡിയോ വ്യാജമാണ് എന്നാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്‍റെ ആരോപണം. മറിയത്തെ കൂടി അറ്സ്റ്റു ചെയ്തതോടെ പാക് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്. ഷഹബാസ് ഷെരീഫിന്‍റെയും കുടുംബാംഗങ്ങളുടെയും 150-ഓളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പന്ത്രണ്ടിലധികം വാണിജ്യബാങ്കുകള്‍ക്ക് എന്‍.എ.ബി. നേരത്തേ കത്തയച്ചിരുന്നു

Related Articles

Latest Articles