Saturday, October 3, 2026

കശ്മീരി ജനതയെ പിഴിഞ്ഞ് സയ്യിദ് അലി ഗിലാനി സ്വന്തമാക്കിയത് കോടികളുടെ സ്വകാര്യരഹസ്യ ഫണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗിലാനിയുടെ അടുത്ത അനുയായി

ശ്രീനഗര്‍- കശ്മീരിലെ വിഘടനവാദി നേതാവും ഹൂറിയത്ത് കോണ്‍ഗ്രസ് തലവനുമായ സയ്യിദ് അലി ഗിലാനിയ്ക്ക് കോടികളുടെ സ്വകാര്യ രഹസ്യ ഫണ്ടെന്ന് വെളിപ്പെടുത്തല്‍. ഓരോ മാസവും കശ്മീരി വിഘടനവാദി നേതാവ് അടിച്ചുമാറ്റുന്നത് ലക്ഷങ്ങളെന്നും കോടതിയില്‍ ഹൂറിയത്ത് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.

ഗിലാനിയുടെ തന്നെ അടുത്ത അനുയായിയും ഹുറിയത് കോണ്‍ഫറന്‍സിന്‍റെ മുതിര്‍ന്ന നേതാവുമായിരുന്ന ആളാണ് കോടതിയില്‍ ഈ വിവരങ്ങള്‍ തുറന്ന് പറഞ്ഞത്.സുരക്ഷാ കാരണങ്ങളാല്‍ പേരു പുറത്തു വിട്ടിട്ടില്ലാത്ത ഈ കശ്മീരി വിഘടനവാദി നേതാവ് ജുഡീഷ്വല്‍ കസ്റ്റഡിയിലിരിയ്‌ക്കേയാണ് തന്‍റെ മുതിര്‍ന്ന നേതാവായ ഗിലാനിയുടെ രഹസ്യ അക്കൌണ്ടിന്‍റെ തെളിവുകള്‍ കോടതിയില്‍ മൊഴിയായി നല്‍കിയത്.

ഓരോ മാസവും എട്ടു ലക്ഷം രൂപയെങ്കിലും ഗിലാനിയുടെ രഹസ്യ അക്കൌണ്ടിലേക്ക് ആരുമറിയാതെ മാറ്റും എന്നാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിങ്ങ് ഏജന്‍സി അറസ്റ്റ് ചെയ്ത ഈ നേതാവ് മജിസ്‌ട്രേട്ടിന് മൊഴി നല്‍കിയത് . മാത്രവുമല്ല ഈ അക്കൌണ്ട് വിവരങ്ങള്‍ നിരന്തരം മാറ്റിക്കൊണ്ടിരിയ്ക്കുകയും ചെയ്യും. കശ്മീരി ബിസിനസുകാരനായ സഹൂര്‍ വതാലിയാണ് ഈ പണം മുഖ്യമായും നല്‍കുന്നത്.

എല്ലാക്കൊല്ലവും റംസാന്‍ മാസം കാശ്മീരിലെ പത്രങ്ങളില്‍ ധനസഹായം അഭ്യര്‍ത്ഥിച്ച് തഹ്രീക് എ ഹുറിയത്ത് (ഹുറിയത് കോണ്‍ഫറന്‍സ്) പരസ്യങ്ങള്‍ നല്‍കാറുണ്ട്. ഈ വഴിയ്ക്ക് അനേകലക്ഷം രൂപ സംഭാവനയെന്ന പേരില്‍ പാകിസ്ഥാന്‍ എംബസിയില്‍ നിന്നും വിവിധ കേന്ദ്രങ്ങള്‍ വഴിയും സഹൂര്‍ വതാലി ഇടനില നിന്ന് സംഭരിച്ച് ഹുറിയത് കോണ്‍ഫറന്‍സിനു നല്‍കുന്നതായാണ് വിവരം.

ഈ ശേഖരിയ്ക്കുന്ന പണത്തിന്റെ നാല്‍പ്പത് ശതമാനത്തോളം ഗിലാനിയുടെ സ്വകാര്യ അക്കൌണ്ടിലേക്കാണ് പോകുന്നത്. മാത്രവുമല്ല, പാക് അധിനിവേശ കാശ്മീരില്‍ സഹൂര്‍ വതാലി നിരന്തരം സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടെന്നും അവിടെ നിന്ന് പണം സംഭരിയ്ക്കാറുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. പാക് അധിനിവേശ കാശ്മീരില്‍ അനേകം അന്താരാഷ്ട്ര കമ്പനികള്‍ അവരുടെ ഖനന, നിര്‍മ്മാണ കരാറുകള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഈ കമ്പനികള്‍ വഴി അന്താരാഷ്ട്ര ധനസഹായങ്ങളും കാശ്മീര്‍ വിഘടനവാദികള്‍ക്കെത്തുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറിയായിരുന്ന മുദാസ്സര്‍ ചീമയുമായി സഹൂര്‍ വതാലിയ്ക്ക് അടുത്ത ബന്ധമാണുള്ളത് എന്ന് തെളിവു നല്‍കിയിട്ടുണ്ട്. സഹൂര്‍ വതാലി പിടിയിലായതോടെ നയതന്ത്ര സൌകര്യങ്ങളുപയോഗിച്ച് മുദാസ്സര്‍ ചീമ പാകിസ്ഥാനിലേക്ക് കടന്നിരുന്നു.

പാകിസ്ഥാനിലെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായെന്ന് പേരുപറഞ്ഞ് പാകിസ്ഥാനി വംശജരോട് എംബസികള്‍ വഴി വിവിധ പണപ്പിരിവുകള്‍ നടത്താറുണ്ട്. ബ്രിട്ടനിലും അമേരിയ്ക്കയിലും നടത്തുന്ന ഇത്തരം പണപ്പിരിവുകളുടെ ഫണ്ടും കാശ്മീരി വിഘടനവാദികള്‍ക്കായി ഒഴുക്കുന്നതായാണ് അറിവ്. ഭീകരവാദത്തിനായുള്ള ഈ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഗിലാനിയുടെ മരുമകന്‍ അല്‍താഫ് അഹമ്മദ് ഷാ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലാണ്.

Related Articles

Latest Articles