Wednesday, May 22, 2024
spot_img

ചരിത്രനേട്ടവുമായി ഇന്ത്യൻ വ്യോമസേന ! കാർഗിലിലെ എയർ സ്ട്രിപ്പിൽ രാത്രി ലാൻഡ് ചെയ്ത് സേനയുടെ സി-130 ജെ യുദ്ധവിമാനം !

ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന. ഇതാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ യുദ്ധവിമാനം ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായി കണക്കാക്കപ്പെടുന്ന കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രിയില്‍ ലാൻഡ് ചെയ്തു. വ്യോമസേന തന്നെയാണ് അതീവദുഷ്‌കരമായ ലാന്‍ഡിങ് വിജയകരമായി നടത്തിയ വിവരം സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. ലാന്‍ഡിങ് ദൃശ്യങ്ങളും സേന പങ്കുവെച്ചിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്ന എയര്‍ സ്ട്രിപ്പാണ് കാര്‍ഗിലിലേത്. സമുദ്രനിരപ്പില്‍ നിന്ന് 2676 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗിലിലെ കാലാവസ്ഥയും വിമാനങ്ങളുടെ ലാന്‍ഡിങ്ങിനെ ദുഷ്‌കരമാക്കുന്നു. വിദഗ്ദരായ പൈലറ്റുമാര്‍ക്കുപോലും ഇവിടെ വിമാനം ലാന്‍ഡ് ചെയ്യിക്കുക എന്നത് ഏറെ ദുഷ്കരമാണ്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വ്യോമസേനയുടെ സി-130 ജെ-30 സൂപ്പര്‍ ഹെര്‍ക്കുലീസ്‌ വിമാനം ഉത്തരാഖണ്ഡിലെ അതീവ ദുര്‍ഘടമായ എയര്‍സ്ട്രിപ്പില്‍ വിജയകരമായി ലാന്‍ഡ് ചെയ്തിരുന്നു. സില്‍ക്യാര രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമായാണ് ഈ വിമാനം അന്ന് പറന്നിറങ്ങിയത്.

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സി-130 ഹെര്‍ക്കുലീസ് വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം.രണ്ട് പൈലറ്റുമാര്‍ അടക്കം മൂന്നുപേര്‍ക്ക് വിമാനത്തില്‍ സഞ്ചരിക്കാനാകും. 19051 കിലോഗ്രാം ചരക്ക്‌ വഹിക്കാന്‍ ശേഷിയുള്ള വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 644 കിലോമീറ്ററാണ്. പരമാവധി ഭാരം വഹിച്ചുകൊണ്ട് ഒറ്റപ്പറക്കലില്‍ 3300 കിലോമീറ്റര്‍ ദൂരം വരെ താണ്ടാന്‍ ഈ വിമാനത്തിന് കഴിയും.

Related Articles

Latest Articles