Friday, April 26, 2024
spot_img

ഭരണഘടനാ നിര്‍മാണസഭയുടെ അംഗീകാരം ലഭിച്ച ദിവസത്തിന്റെ ഓര്‍മ പുതുക്കൽ! ഭരണഘടനാ ശില്‍പികളോടുള്ള ആദരം; ഇന്ന് രാജ്യം ഭരണഘടനാ ദിനം ആചരിക്കുന്നു

ഭരണഘടനാ ശില്പികളോടുള്ള ആദരസൂചകമായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നു. 1949ല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മാണസഭയുടെ അംഗീകാരം ലഭിച്ച ദിവസത്തിന്റെ ഓര്‍മ പുതുക്കലായാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്.

2015 മുതലാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിച്ചുതുടങ്ങുന്നത്. ‘സംവിധാന്‍ ദിവസ്’ എന്ന പേരിലാണ് ഈ ദിവസം ആചരിക്കപ്പെടുന്നത്. മുന്‍പ് നവംബര്‍ 26 ദേശീയ നിയമദിനമായിരുന്നു. ഭരണഘടനാ നിര്‍മാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബര്‍ 26ന്റെ ഓര്‍മ പുതുക്കുന്നതിനാണ് ഇതേദിനം ഭരണഘടന ദിനമായി ആചരിക്കുന്നത്. ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നത് പ്രധാനമായും ഭരണഘടനയുടെ ആമുഖം വായിച്ചാണ്.

എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതാണ് ഇന്ത്യന്‍ ഭരണഘടന. ജനങ്ങള്‍ക്കിടയില്‍ ഭരണഘടന മൂല്യങ്ങള്‍ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഭരണഘടന ദിനം ആചരിക്കുന്നത്.അംബേദ്കറുടെ ജന്മവാര്‍ഷിക ദിനം വരെയാണ് ഭരണഘടനാദിനം അഥവാ സംവിധാന്‍ ദിവസ് ആഘോഷങ്ങള്‍ നടക്കുക. ജാതി മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങള്‍ക്ക് തുല്യ നീതി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലുകൂടിയാണ്.

2015 ഒക്ടോബർ 11ന് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്‌കറിന്റെ സ്മരണയ്ക്ക് ‘സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി’യുടെ ശിലാസ്ഥാപനം നിർവഹിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്.2015 അംബേദ്കറുടെ 125-ാം ജന്മവാർഷികം കൂടിയായിരുന്നു . 2015 നവംബർ 19 ന് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യൻ സർക്കാർ നടത്തി.ജനങ്ങളെ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും അംബേദ്കറുടെ ആശയങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.1946 ലാണ് ഭരണഘടനാ നിർമാണസഭ സ്ഥാപിക്കപ്പെടുന്നത്. 2 വർഷവും 11 മാസവും 18 ദിവസങ്ങളും നീണ്ടുനിന്ന കാലയളവിനിടയിൽ 166 ദിവസങ്ങളിൽ ഭരണഘടനാ നിർമാണസഭ യോഗം ചേർന്നു.

Related Articles

Latest Articles