Monday, May 20, 2024
spot_img

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ‘യൂറോപ്യൻ ചിന്താഗതി’ പരാമർശം മ്യൂണിക് സുരക്ഷാ റിപ്പോർട്ടിൽ; ജയശങ്കറിന്റെ പരാമർശം സത്യമാണെന്ന് സമ്മതിച്ച് ജർമൻ ചാൻസലർ

മ്യൂണിക് ; യൂറോപ്പിലടക്കം വൻ ചർച്ചാ വിഷയമായ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ‘യൂറോപ്യൻ ചിന്താഗതി’ പരാമർശം കടമെടുത്ത് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ലോകരാജ്യങ്ങൾ പങ്കെടുക്കുന്ന ജർമനിയിലെ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ജർമൻ ചാൻസലർ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ വാക്കുകൾ കടമെടുത്തത്.

കഴിഞ്ഞ വർഷം സ്ലൊവാക്യയിൽ നടന്ന 17–ാം ഗ്ലോബ്‌സെക് ബ്രാറ്റിസ്‌ലാവ ഫോറത്തിൽ, റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യമുയർന്നപ്പോളായിരുന്നു ജയശങ്കറിന്റെ ‘യൂറോപ്യൻ ചിന്താഗതി’ മറുപടി. ‘‘യൂറോപ്പിന്റെ പ്രശ്‌നങ്ങൾ ലോകത്തിന്റെ പ്രശ്‌നങ്ങളാണെന്നും എന്നാൽ ലോകത്തിന്റെ പ്രശ്നങ്ങൾ യൂറോപ്പിന്റെ പ്രശ്നങ്ങളല്ല എന്നുമുള്ള ചിന്താഗതിയിൽ നിന്നാണ് യൂറോപ്പ് വളരേണ്ടത്.’’– എന്നായിരുന്നു ജയശങ്കർ പറഞ്ഞത്.

മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവേ ഒലാഫ് ഷോൾസ്, യൂറോപ്പ് വർഷങ്ങളായി തുടരുന്ന ഈ ചിന്താഗതിയിൽ നിന്ന് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ജയശങ്കർ പറഞ്ഞതിൽ സത്യമുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. ജയശങ്കറിന്റെ ഉദ്ധരണി ഈ വർഷത്തെ മ്യൂണിക് സുരക്ഷാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റു രാജ്യങ്ങളുടെ താൽപര്യങ്ങളും ആശങ്കകളും കൂടി നമ്മൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ ജൂണിൽ നടന്ന ജി–7 ഉച്ചകോടിയിൽ ഏഷ്യൻ‌, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടായിരുന്നില്ല എന്നത് ഗൗരവപരമാണ്’.ഒലാഫ് ഷോൾസ് വ്യക്തമാക്കി.

Related Articles

Latest Articles