Sunday, May 19, 2024
spot_img

കളിക്കളത്തിൽ കരടാകുന്ന വംശീയ അധിക്ഷേപം! ഓസ്ട്രേലിയയിലെ ആരാധകരിൽനിന്നു നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് വെളിപ്പെടത്തലുമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്

മുംബൈ : ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ ഓസ്ട്രേലിയൻ ആരാധകരിൽ നിന്ന് നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ചു തുറന്നു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് രംഗത്തു വന്നു. ഓസ്ട്രേലിയൻ ആരാധകർ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയെയും അപമാനിച്ചതോടെ വേണമെങ്കിൽ മത്സരം നിർത്തിവച്ച് ഇന്ത്യൻ താരങ്ങൾക്കു മടങ്ങാമെന്ന് അംപയർമാർ പറഞ്ഞതായും താരം വെളിപ്പെടുത്തി.

2020–21ലെ ടെസ്റ്റ് പരമ്പരയ്ക്കിടെ ഓസ്ട്രേലിയയിലെ ആരാധകരിൽനിന്നു വംശീയ അധിക്ഷേപം നേരിട്ടതായി ഇന്ത്യൻ ക്രിക്കറ്റ് ടീം, മാച്ച് റഫറിക്കു പരാതി കൊടുത്തിരുന്നു.

‘‘ആദ്യ ദിവസം അവർ എന്നെ കറുത്ത കുരങ്ങനെന്നു വിളിച്ചപ്പോൾ ഞാൻ കാര്യമാക്കിയില്ല. മദ്യപിച്ചാണ് അവർ അതു ചെയ്തതെന്നാണു കരുതിയത്. എന്നാൽ രണ്ടാം ദിവസവും അതു തുടര്‍ന്നതോടെ അംപയർമാരോട് വംശീയ അധിക്ഷേപത്തെക്കുറിച്ചു പരാതിപ്പെടാൻ തീരുമാനിച്ചു. അജിൻക്യ രഹാനെയോടു പറഞ്ഞപ്പോള്‍ അദ്ദേഹം അംപയർമാരോടു പരാതിപ്പെട്ടു.
‘പ്രശ്നം പരിഹരിക്കുന്നതു വരെ നിങ്ങൾക്കു ഗ്രൗണ്ട് വിടാമെന്ന് അംപയർമാർ ഞങ്ങളോടു നിർദേശിച്ചിരുന്നു. എന്തിനാണ് ഗ്രൗണ്ട് വിട്ടുപോകുന്നതെന്നും അധിക്ഷേപിച്ചവരെ പുറത്താക്കണമെന്നും അജിൻക്യ രഹാനെ പറഞ്ഞു.’’– സിറാജ് പറഞ്ഞു . വംശീയ അധിക്ഷേപം ഉണ്ടായതിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യൻ താരങ്ങളോടു ക്ഷമാപണം നടത്തിയിരുന്നു. മാത്രമല്ല ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ആറ് ഓസ്ട്രേലിയൻ ആരാധകരെ സ്റ്റേഡിയത്തിൽനിന്നു പുറത്താക്കുകയും ചെയ്തു.

Related Articles

Latest Articles