Wednesday, January 7, 2026

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; നദ്ദയുടെ അദ്ധ്യക്ഷതയിൽ ബിജെപി കോർഡിനേഷൻ കമ്മിറ്റി ഇന്ന് യോഗം ചേരും

ദില്ലി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ബിജെപി കോർഡിനേഷൻ കമ്മിറ്റി ഇന്ന് യോഗം ചേരും. ദില്ലിയിൽ വച്ചാണ് യോഗം ചേരുക.

ജൂലൈ 18-ന് നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. ഇതിന്റെ വിശദമായ ചർച്ചകൾക്കായാണ് ദില്ലിയിൽ ഏകോപന സമിതി യോഗം ചേരാൻ ബിജെപി തീരുമാനിച്ചത്. രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളുമായും ചർച്ച നടത്താനുള്ള ഉത്തരവാദിത്വം ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്‌ക്കും പ്രതിരോധമന്ത്രിയും ലോക്സഭാ ഉപനേതാവുമായ രാജ്നാഥ് സിംഗിനും നൽകിയിട്ടുണ്ട്.

കൂടാതെ ഇതിനായി ബിജെപി 14 അംഗങ്ങളുടെ ഏകോപന സമിതി രൂപീകരിച്ചു. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെയാണ് തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനറായി ബിജെപി നിയമിച്ചത്. ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്ഡെ, സിടി രവി എന്നിവരാണ് സമിതിയുടെ കോ-കൺവീനർമാർ.

രാജ്യത്തിന്റെ 14-ാമത് രാഷ്‌ട്രപതിയാണ് രാം നാഥ് കോവിന്ദ്. 2017 ജൂലൈ 25-നായിരുന്നു അദ്ദേഹം ഇന്ത്യയുടെ രാഷ്‌ട്രപതിയായി ചുമതലയേറ്റത്. ജൂലൈ 24-നാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക.

Related Articles

Latest Articles