Tuesday, October 6, 2026

ജയിലിൽ നിന്നും പുറത്തിറങ്ങി വീണ്ടും മോഷണം; പ്രതി വിശ്വരാജിനെ പിടികൂടിയത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മാനന്തവാടി: ജയിലിൽ നിന്നും പുറത്തിറങ്ങി വീണ്ടും മോഷണം നടത്തിയ മോഷ്ടാവ് പിടിയിലായി. വയനാട്ടിലെ കടകളും വീടുകളും കുത്തി തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവാണ് ഒടുവിൽ പിടിയിലായി. പുൽപ്പള്ളി ഇരുളം മണൽവയൽ കളിപറമ്പിൽ വിശ്വരാജ് (40) നെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ജയിലിൽ നിന്ന് ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ പ്രതി കൈനാട്ടിയിലും വൈത്തിരിയിലും 15 ഓളം കടകൾ കുത്തി തുറന്ന് മോഷണശ്രമം നടത്തിയിരുന്നു. തുടർന്ന് ഇയാൾ മാനന്തവാടിയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ വലയിലാക്കുകയായിരുന്നു.

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനുമതിയോടെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിശ്വരാജിനെ കസ്റ്റഡിയിൽ എടുത്തത്. മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കൽപ്പറ്റ പോലീസിന് പ്രതിയെ കൈമാറുകയും ചെയ്തു. വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലായി വിശ്വരാജിനെതിരെ 50 ഓളം കേസുണ്ട്. എഎസ്ഐ മോഹൻദാസ്, സിപിഒമാരായ നിഥിൻ, അജീഷ് കുനിയിൽ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Latest Articles