Saturday, May 11, 2024
spot_img

ലഗേജ് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാൻ റെയില്‍വേയുടെ തീരുമാനം; ലഗേജ് കൂടിയാൽ യാത്രക്കാർ പണം നൽകണം

ദില്ലി: ലഗേജ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ റെയില്‍വേയുടെ തീരുമാനം. വിമാന സര്‍വീസിന് സമാനമായി ട്രെയിന്‍ യാത്രയിലും ലഗേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അനുവദിച്ചിട്ടുള്ളതില്‍ അധികം ലഗേജ് കൊണ്ടുപോകാന്‍ ഇനി യാത്രക്കാര്‍ പണം നല്‍കണം. ബുക്ക് ചെയ്യാതെ അധികം ലഗേജുമായി യാത്ര ചെയ്താല്‍ പിഴ ഈടാക്കും.

യാത്ര ചെയ്യുന്ന ക്ലാസുകള്‍ക്ക് അനുസരിച്ച്‌ 25 മുതല്‍ 70 കിലോ വരെ ഭാരമുള്ള ലഗേജുകള്‍ മാത്രമേ യാത്രക്കാര്‍ക്ക് സൗജന്യമായി ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കു. യാത്രയ്ക്ക് മുൻപ് അധിക ലഗേജുകള്‍ ബുക്ക് ചെയ്യണം. എ.സി ഫസ്റ്റ് ക്ലാസില്‍ 70 കിലോ വരെയും എ.സി ടു ടയറില്‍ 50 കിലോ വരെയുമുള്ള ലഗേജ് സൗജന്യമായി കൊണ്ടുപോകാം. എ.സി ത്രീ ടയര്‍, എസി ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവയില്‍ 40 കിലോയാണ് പരിധി. സെക്കന്‍ഡ് ക്ലാസില്‍ 25 കിലോ ലഗേജും കൈയില്‍ കരുതാം.

ലഗേജ് അധികമായാല്‍ പാഴ്സല്‍ ഓഫീസില്‍ പോയി ലഗേജ് ബുക്ക് ചെയ്യണം. 30 രൂപയാണ് അധിക ലഗേജിനുള്ള മിനിമം ചാര്‍ജ്. അതേസമയം രജിസ്റ്റര്‍ ചെയ്യാതെ അനുവദിച്ചതിലും അധികം ലഗേജുമായാണ് യാത്രയെന്ന് കണ്ടെത്തിയാല്‍ ആറിരിട്ടി തുക വരെ പിഴയിടാക്കും.

യാത്ര ചെയ്യുന്ന അതേ ട്രെയിനില്‍ തന്നെ ലഗേജ് കൊണ്ടുപോകാന്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപെങ്കിലും ലഗേജ് ബുക്കിങ് സ്റ്റേഷനിലെ ലഗേജ് ഓഫീസില്‍ എത്തിക്കണം. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രക്കാര്‍ക്ക് ലഗേജും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ലഗേജ് നിയമങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ അധിക ലഗേജുമായി ട്രെയിനില്‍ യാത്ര ചെയ്യരുതെന്ന് നേരത്തെ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ലഗേജ് കൂടുതലാണെങ്കില്‍ യാത്രക്കാരുടെ ആസ്വാദനം പകുതിയായി കുറയുമെന്നും കൂടുതല്‍ ലഗേജുമായി യാത്ര ചെയ്യരുതെന്നുമാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. ലഗേജ് അധികമായാല്‍ പാര്‍സല്‍ ഓഫീസില്‍ പോയി ലഗേജ് ബുക്ക് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു .

Related Articles

Latest Articles