Monday, June 10, 2024
spot_img

യുക്രെയ്ൻ-റഷ്യ യുദ്ധം: ഇന്ത്യന്‍ രക്ഷാദൗത്യ സംഘം റൊമേനിയന്‍ അതിര്‍ത്തിയില്‍: എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുറപ്പെടും

ദില്ലി: യുക്രെയ്ൻ-റഷ്യ യുദ്ധം രണ്ടാം ദിവസവും തുടരുകയാണ്. ഈ സാഹചര്യത്തിൽ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാന്‍ ദൗത്യവുമായി ഇന്ത്യ. യുക്രെയ്‌നിലെ രക്ഷാപ്രവര്‍ത്തനവും ഇന്ത്യ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒഴിപ്പിക്കേണ്ട ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചു.

എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് രക്ഷാ ദൗത്യത്തിനായി പുറപ്പെടും. നാല് രാജ്യങ്ങള്‍ വഴിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥസംഘം റൊമേനിയന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്.

അതേസമയം ഇവിടെയെത്താന്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 12 മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ ക്യാമ്പ് തുറക്കാനാണ് ഇന്ത്യന്‍ തീരുമാനം. ഇതിനായി റൊമേനിയന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. മാത്രമല്ല യുക്രൈന്‍ വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ കടക്കുന്നത് അപകടമായതിനാല്‍ റൊമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്‍ നിന്നാകും വിമാനങ്ങള്‍ രക്ഷാ ദൗത്യം നടത്തുക.

മാത്രമല്ല ഇതിനോടകം ചില ഇന്ത്യക്കാര്‍ കീവിലെ ഇന്ത്യന്‍ എംബസിയില്‍ അഭം തേടിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്തും കനത്ത ആക്രമണമാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles