ദില്ലി : റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമായിരിക്കുന്ന കരിങ്കടൽ മേഖലയിലും അനുബന്ധ കടൽപ്പാതകളിലും സർവീസ് നടത്തുന്ന വാണിജ്യ കപ്പലുകളിൽ ജോലിക്ക് പോകുന്ന ഇന്ത്യൻ നാവികർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രദേശത്തെ സുരക്ഷാ ഭീഷണികൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം ഇത്തരം ജോലികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നൽകിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
തുടർച്ചയായി ഉണ്ടാകുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ മൂലം കരിങ്കടലിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾ കടുത്ത സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്. 2026 ഏപ്രിൽ മാസത്തിന് ശേഷം ഈ മേഖലയിൽ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം അടിയന്തിര മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി കപ്പൽ ഓപ്പറേറ്റർമാർ, റിക്രൂട്ടിങ് ഏജൻസികൾ എന്നിവരിൽ നിന്ന് യാത്ര ചെയ്യുന്ന കടൽപ്പാത, അടുക്കുന്ന തുറമുഖങ്ങൾ, കപ്പലിലെ സുരക്ഷാ സംവിധാനങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, അടിയന്തിര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തന രീതികൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നാവികർ ശേഖരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കൂടാതെ, തൊഴിൽ കരാറുകൾ അന്താരാഷ്ട്ര സാമഗ്രിക മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും, അപകടങ്ങൾ ഉണ്ടായാൽ വൈദ്യസഹായം, നാട്ടിലേക്ക് തിരിച്ചെത്തിക്കൽ, അർഹമായ നഷ്ടപരിഹാരം എന്നിവ ഉറപ്പാക്കുന്ന വ്യവസ്ഥകൾ അതിലുണ്ടെന്നും ഉറപ്പുവരുത്തണം.
നാവികർ തങ്ങളുടെ യാത്രാ വിവരങ്ങൾ കുടുംബങ്ങളെ അറിയിക്കണമെന്നും, ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA), തുറമുഖ-ഷിപ്പിംഗ് മന്ത്രാലയം എന്നിവർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. അടിയന്തിര സഹായങ്ങൾക്കായി റഷ്യയിലെ ഇന്ത്യൻ എംബസി (+7 9652773414), ഉക്രെയ്നിലെ ഇന്ത്യൻ എംബസി (+38 0933559958) എന്നിവയുമായി ബന്ധപ്പെടാവുന്നതാണ്.

