Friday, May 3, 2024
spot_img

ഇന്ത്യയിലെ പ്രമുഖർക്ക് ബ്ലൂടിക് തിരികെ കിട്ടി; പണമടയ്ക്കാത്ത ചിലർക്കായി താൻ തന്നെ പണമടയ്ക്കുന്നതായി ഇലോൺ മസ്ക്

വാഷിങ്ടൻ : ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടുകളിൽ ബ്ലൂ ടിക് പുനഃസ്ഥാപിച്ച് ട്വിറ്റർ. ബ്ലൂ ടിക് പിൻവലിച്ചതിനെത്തുടർന്ന് സെലിബ്രിറ്റികളടക്കമുള്ള ഒട്ടനവധിപ്പേർ ട്വിറ്ററിനെതിരെ രംഗത്തെത്തിയിരുന്നു. സബ്സ്ക്രിപ്ഷൻ ചാർജ് നൽകാത്തതാണ് ബ്ലൂ ടിക് പിൻവലിക്കാനിടയാക്കിയത് എന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സൽമാൻ ഖാൻ, ആലിയ ഭട്ട്, ഷാരൂഖ് ഖാൻ, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, എം.എസ്.ധോണി, മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കോടീശ്വരൻ ബിൽ ഗേറ്റ്‌സ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, വ്യവസായി രത്തൻ ടാറ്റ തുടങ്ങിയ പ്രമുഖർക്കെല്ലാം ബ്ലൂ ടിക് തിരികെ ലഭിച്ചു.

ഇവരെല്ലാം ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്തതായും ഫോൺ നമ്പർ ഫെരിഫൈ ചെയ്തതായും കാണിക്കുന്നുണ്ട്. എന്നാൽ യഥാർഥത്തിൽ ഇവർ പണം നൽകിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. അന്തരിച്ച മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി സുഷമ സ്വരാജ്, ബോളിവുഡ് നടന്മാരായ സുശാന്ത് സിങ് രജ്പുത്, ഇർഫാൻ ഖാൻ, ഋഷി കപൂർ, പോപ് താരം മൈക്കിൾ ജാക്സൻ, ക്രിക്കറ്റ് താരം ഷെയ്ൻ വോൺ എന്നിവരും ബ്ലൂ ടിക് ലഭിച്ചവരിൽ ഉൾപ്പെടുന്നു.

പണമടയ്ക്കാത്ത ചിലർക്കായി താൻ തന്നെ പണമടയ്ക്കുന്നതായി ട്വിറ്റർ ഉടമ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസ്, എഴുത്തുകാരൻ സ്റ്റീഫൻ കിങ് തുടങ്ങിയവർ ബ്ലൂ ടിക്കിനായി വരിസംഖ്യ അടയ്ക്കില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണിത്.

ഇന്ത്യയിൽ ഐഒഎസ് ആപ്പിൽ ട്വിറ്ററിന്റെ ബ്ലൂ ടിക്കിനുള്ള പ്രതിമാസ വരിസംഖ്യ 900 രൂപയാണ്. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ഇതാണു നിരക്ക്. അതേസമയം, വെബ്ബിൽ ഇത് പ്രതിമാസം 650 രൂപയാണ്.

Related Articles

Latest Articles