Tuesday, September 22, 2026

ഷൊർണൂരിൽ നിന്ന് കാണാതായ കുടുംബം കർണാടകയിലെന്ന് സൂചന; മൈസൂരുവിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം കർണാടകയിലുണ്ടെന്ന് കണ്ടെത്തി. ഇവർ മൈസൂരുവിലെ ചാമരാജ് നഗറിൽ എത്തിയതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ ഒൻപതാം തീയതി പുലർച്ചെ മുതൽ കാണാതായത്. ഇവരെ കണ്ടെത്താനായുള്ള തിരച്ചിലിനായി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിട്ടുണ്ട്.

കേസിൽ വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇവരുടെ പിക്കപ്പ് ജീപ്പാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. വ്യാഴാഴ്ച പുലർച്ചെ ഈ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. പിന്നീട് ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് അയൽക്കാരെ വിവരമറിയിക്കുന്നതും പോലീസിൽ പരാതി നൽകുന്നതും. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

വാഹനം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് കുടുംബം നിലവിൽ കർണാടകയിലുണ്ടെന്ന നിർണായക വിവരം ലഭിച്ചിരിക്കുന്നത്. ഇവർ അതിർത്തി കടന്ന് കർണാടകയിലേക്ക് പോയതിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണസംഘം അങ്ങോട്ടേക്ക് തിരിക്കുകയും തെരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles