Tuesday, May 21, 2024
spot_img

ബുദ്ധൻ്റെ ലോകം ഭാരതമണ്ണിലേക്കെത്തിച്ച് പ്രധാനമന്ത്രി; ബുദ്ധവചനങ്ങളും പുസ്തങ്ങളുമായി, വൻ ശേഖരമൊരുങ്ങുന്നു

ലോകമെമ്പാടുമുള്ള ബുദ്ധ സാഹിത്യവും തത്ത്വചിന്തയും ഒരുമിച്ച് കൊണ്ടുവന്ന് രാജ്യത്ത് ഗവേഷണത്തിനും സംഭാഷണത്തിനുമുള്ള വേദിയായി വർത്തിക്കുന്ന ഒരു ലൈബ്രറി സൃഷ്ടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറാമത് ഇന്ത്യ-ജപ്പാൻ സംവാദ് സമ്മേളനത്തിൽ വിർച്വൽ പ്രസംഗത്തിനിടെയാണ് മോദി ഈ നിർദ്ദേശം നൽകിയത്. ജപ്പാനിലെയും ഇന്ത്യയിലെയും നേതാക്കളുടെ സംയുക്ത നിർദ്ദേശത്തിന് അനുസൃതമായിട്ടാണ് സമ്മേളനം ആരംഭിച്ചത്.

ബുദ്ധമത സാഹിത്യത്തിന്റെയും തത്ത്വചിന്തയുടെയും ഉദാഹരണങ്ങൾ പല രാജ്യങ്ങളിലെയും വിവിധ ഭാഷകളിലും മറ്റും കാണാനാകുമെന്ന് മോദി പറഞ്ഞു, ഈ സൃഷ്ടികൾ മനുഷ്യരാശിയുടെ നിധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗത ബുദ്ധമത സാഹിത്യങ്ങളുടെയും തിരുവെഴുത്തുകളുടെയും ഒരു ലൈബ്രറി സൃഷ്ടിക്കാൻ ഇന്ന് ഞാൻ നിർദ്ദേശിക്കുന്നു. ഇന്ത്യയിൽ അത്തരമൊരു സൗകര്യം ഒരുക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും അതിന് ഉചിതമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധ സാഹിത്യത്തിന്റെ ഡിജിറ്റൽ പകർപ്പുകൾ ലൈബ്രറി ശേഖരിക്കുകയും അവ വിവർത്തനം ചെയ്യുകയും എല്ലാ സന്യാസിമാർക്കും പണ്ഡിതന്മാർക്കും സൗജന്യമായി അത് ലഭ്യമാക്കുകയും ചെയ്യും. ‘ലൈബ്രറി സാഹിത്യത്തിന്റെ ഒരു നിക്ഷേപം മാത്രമല്ല, ഗവേഷണത്തിനും സംഭാഷണത്തിനുമുള്ള ഒരു വേദി കൂടിയാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആധുനിക ലോകത്തെ വെല്ലുവിളികളായ ദാരിദ്ര്യം, വർഗ്ഗീയത, തീവ്രവാദം, ലിംഗ വിവേചനം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ നേരിടാൻ ബുദ്ധന്റെ സന്ദേശം എങ്ങനെ സഹായിക്കുമെന്ന് പരിശോധിക്കുന്നത് ലൈബ്രറിയുടെ ഗവേഷണ ഉത്തരവിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധൻറെ ധർമ്മത്തിന്റെ ആദർശത്തെക്കുറിച്ച് വിശദമായി സംസാരിച്ച പ്രധാനമന്ത്രി സാരനാഥിലേക്കുള്ള തന്റെ സമീപകാല സന്ദർശനത്തെയും ചൂണ്ടിക്കാട്ടി. ഇത് പ്രാർത്ഥനയേക്കാളും ആചാരാനുഷ്ഠാനങ്ങളേക്കാളും ഏറെ പ്രാധാന്യമുളളതാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ധർമ്മത്തിന്റെ കേന്ദ്രത്തിൽ മനുഷ്യരും സഹമനുഷ്യരുമായുള്ള ബന്ധവുമുണ്ട്. അതിനാൽ, മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു നല്ല ശക്തിയായിരിക്കുക എന്നത് വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles