Friday, May 10, 2024
spot_img

അയ്യന് ചാർത്താൻ തങ്കത്തിരുച്ചാർത്ത്; തങ്കയങ്കി ഘോഷയാത്ര ഇന്ന് തുടങ്ങും

മണ്ഡല പൂജയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര ആറന്മുള ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് രഥയാത്ര നടക്കുന്നത്. വഴി നീളെയുള്ള സ്വീകരണ ചടങ്ങുകള്‍ ഉണ്ടാവില്ല. നേരത്തേ നിശ്ചയിച്ച ക്ഷേത്രങ്ങളില്‍ മാത്രമാണ് രഥഘോഷയാത്രക്ക് സ്വീകരണം നല്‍കുക. മുന്‍ വര്‍ഷങ്ങളില്‍ എന്നപോലെ അമ്പലങ്ങളില്‍ എത്തിച്ചേരുമ്പോള്‍ സ്വീകരണത്തിന് ക്രമീകരണം ഒരുക്കും. എന്നാല്‍, ക്ഷേത്രങ്ങളില്‍ ആള്‍കൂട്ടം അനുവദിക്കില്ല.

ഒപ്പം അനുഗമിക്കുന്നവരുടെ എണ്ണത്തിലും കുറവ് വരുതിയിട്ടുണ്ട്. അതേസമയം ഘോഷയാത്രയില്‍ ഒപ്പമുള്ളവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമാണ്. യാത്ര ആരംഭിക്കുന്നതിന് മുന്‍പും രഥയാത്ര പെരുനാട്ടില്‍ എത്തുമ്പോഴും കൊറോണ പരിശോധനയുണ്ടാകും.

ആദ്യ ദിനമായ ഇന്ന് രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും, രണ്ടാം ദിനം കോന്നി മുരുങ്ങമങ്ങലം മഹാദേവർ ക്ഷേത്രത്തിലും സംഘം വിശ്രമിക്കും. മൂന്നാം നാൾ രാത്രി പെരുന്നാട് ശാസ്താ ക്ഷേത്രത്തിലാണ് ക്യാമ്പ്. 25നു ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയിലെത്തും. തുടർന്ന് ശരംകുത്തിയിൽ ദേവസ്വം അധികൃതർ സംഘത്തെ ആചാരപരമായി സ്വീകരിക്കും.

സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിയെ പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിന് മുന്നില്‍ വച്ച് വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് ആനയിക്കും. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. പൂജകൾ പൂർത്തിയാക്കി 26ന് രാത്രി അടയ്ക്കുന്ന ക്ഷേത്ര നട 30ന് വൈകിട്ടാണ് മകര വിളക്ക് മഹോത്സവത്തിനായി തുറക്കുക. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടയിൽ സമര്‍പ്പിച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്തുന്നത്.

Related Articles

Latest Articles