പത്തനംതിട്ട പുല്ലാട് പതിമൂന്നുവയസുകാരി മരിച്ചത് പേവിഷ ബാധയേറ്റാണെന്ന് സ്ഥിരീകരണം. ഭാഗ്യലക്ഷ്മി എന്ന പതിമൂന്നുകാരിയാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ കുട്ടി വാക്സിൻ പൂർത്തിയാക്കിരുന്നു.ഡിസംബർ 13 നാണ് കുട്ടിയെ നായ കടിച്ചത്. ഏപ്രിൽ മൂന്നിന് കുട്ടി പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഏപ്രിൽ 9നാണ് കുട്ടി മരിച്ചത്. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ മൂന്നാം നാൾ ചത്തിരുന്നു. നായയുടെ പോസ്റ്റുമോര്ട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തു വന്നിട്ടുണ്ട്.
സമാനമായി കൃത്യമായി വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും എടുത്തിട്ടും കൊല്ലം ജില്ലയിൽ ഏഴ് വയസ്സുകാരിക്കും പേ വിഷബാധ ഉണ്ടായി. കൊല്ലം സ്വദേശിനിയായ കുട്ടി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രി വെന്റിലറ്ററിൽ കഴിയുകയാണ്. വാക്സിന്റെ ഒരു ഡോസ് മാത്രം ബാക്കിനിൽക്കെ ഏപ്രിൽ 28നാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് വീടിനുള്ളിൽ കഴിയുകയായിരുന്ന എട്ട് വയസുകാരിക്ക് അപ്രതീക്ഷിതമായി തെരുവുനായയുടെ കടിയേൽക്കുന്നത്. 15 മിനിട്ടിനുള്ളിൽ കുന്നിക്കോടിന് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് IDRV യുടെ ആദ്യ ഡോസ് നൽകി. വൈകുന്നേരത്തോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഇമ്മ്യൂണോ ഗ്ലോബുലിൻ സെറവും നൽകി.ഏപ്രിൽ 11,15,18 തീയതികളിൽ IDRVയുടെ യുടെ ഓരോ ഡോസുകൾ കൂടി നൽകി. ഈ മാസം ആറിന് ആൻ്റീ റാബിസ് വാക്സിൻ്റെ അവസാന ഡോസ് മാത്രം ശേഷിക്കെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിക്കുകയായിരുന്നു.
കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് കുഞ്ഞിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. വാക്സിൻ ഫലപ്രദമല്ലെന്ന് പറയാൻ കഴിയില്ലെന്നും കടിയുടെ തീവ്രത അനുസരിച്ചാണ് വാക്സിൻ്റെ കാര്യക്ഷമത നിശ്ചയിക്കുന്നതെന്നും എസ് എ ടി ആശുപത്രിയിൽ സൂപ്രണ്ട് ഡോ. എസ് ബിന്ദു വ്യക്തമാക്കി.

